തിരൂർ: ചോദിച്ചത്ര പണം കടമായി നൽകാത്തതിൽ അരിശംമൂത്ത യുവാവ് നാട്ടുകാരനെ കത്രികകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ചു.

ആലത്തിയൂർ സ്വദേശി മുഹമ്മദ് കുട്ടിക്കാണ് പരിക്കേറ്റത്. അക്രമംനടത്തിയ കറുത്തേടത്ത് സുൽഫിക്കറിനെ (32) പോലീസ് അറസ്റ്റുചെയ്തു. ആലത്തിയൂർ ടൗണിൽ വ്യാഴാഴ്ചരാത്രിയാണ് സംഭവം.

600 രൂപയായിരുന്നു കടം ചോദിച്ചത്. കൊടുത്തത് 500-ഉം. നൂറുരൂപ കുറഞ്ഞതിനായിരുന്നു അക്രമം. ഇടതുകഴുത്തിനും ഇടതുചെവിക്ക് സമീപവും വലതുചുമലിനും പരിക്കേറ്റ മുഹമ്മദ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എസ്.ഐമാരായ ശ്രീജിത്ത് നരേന്ദ്രൻ, ജിതിൻ വാസ്, എസ്.സി.പി.ഒ. മുഹമ്മദ് കുട്ടി എന്നിവർചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. സുൽഫിക്കറിനെ തിരൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.