ബെയ്ജിങ്: രണ്ട് വയസ്സുള്ള മകനെ 18 ലക്ഷം രൂപയ്ക്ക് വിറ്റയാള്‍ പിടിയില്‍. ചൈനയിലെ ഷെജിയാങിലാണ് സംഭവം. ഷീ എന്ന് വിളിക്കുന്ന യുവാവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തതെന്നാണ് ഷെജിയാങ് ലീഗല്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കുട്ടിയെ വിറ്റതിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഇയാള്‍ രണ്ടാം ഭാര്യയുമായി രാജ്യത്തുടനീളം ഉല്ലാസയാത്ര നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആദ്യഭാര്യയുമായി ബന്ധം വേര്‍പിരിഞ്ഞ ഷീയ്ക്കായിരുന്നു മകന്റെ സംരക്ഷണ ചുമതല. ഈ ബന്ധത്തിലുള്ള മകള്‍ ആദ്യഭാര്യയുടെ സംരക്ഷണയിലുമാണ്. എന്നാല്‍ ജോലിയാവശ്യാര്‍ഥം മറ്റൊരിടത്തേക്ക് പോകേണ്ടതിനാല്‍ ഷീ മകന്റെ സംരക്ഷണം സഹോദരനെ ഏല്‍പ്പിച്ചു. മാത്രമല്ല, മകനെച്ചൊല്ലി ഷീയും രണ്ടാം ഭാര്യയും തമ്മില്‍ വഴക്കും പതിവായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ മാസം സഹോദരന്റെ വീട്ടിലെത്തി ഇയാള്‍ മകനെ കൊണ്ടുപോയത്. മകനെ കാണണമെന്ന് ആദ്യഭാര്യ ആവശ്യപ്പെട്ടെന്നും അതിനാല്‍ കൊണ്ടുപോവുകയാണെന്നുമാണ് സഹോദരനോട് പറഞ്ഞത്. പിന്നീട് സഹോദരന്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടി മാതാവിന്റെ വീട്ടിലെത്തിയില്ലെന്ന് മനസിലായി. ഇതോടെ സഹോദരന്‍ പോലീസിനെ സമീപിക്കുകയായിരുന്നു. 

പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഷീ മക്കളില്ലാത്ത ദമ്പതിമാര്‍ക്ക് മകനെ വിറ്റതായി കണ്ടെത്തിയത്. ഷിയാങ്‌സു പ്രവിശ്യയില്‍ താമസിക്കുന്ന ദമ്പതിമാര്‍ക്ക് 1,58,000 യുവാനാണ്(ഏകദേശം 18 ലക്ഷം രൂപ) മകനെ വിറ്റത്. ഈ പണം കൊണ്ട് ഷീ രണ്ടാം ഭാര്യയുമായി രാജ്യത്തെ വിവിധയിടങ്ങളില്‍ ഉല്ലാസയാത്ര നടത്തിയെന്നും പോലീസ് കണ്ടെത്തി. പിന്നാലെ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. 

രണ്ടു വയസ്സുകാരനെ ഷിയാങ്‌സുവിലെ ദമ്പതിമാരുടെ വീട്ടില്‍നിന്ന് പോലീസ് കണ്ടെത്തുകയും ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തു. ഷീയും ഭാര്യയും നിലവില്‍ നിയമനടപടികള്‍ നേരിട്ടു കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. 

കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടയാള്‍ നവജാതശിശുവിനെ 17 ലക്ഷം രൂപയ്ക്ക് മറ്റൊരാള്‍ക്ക് വിറ്റ സംഭവം അടുത്തിടെചൈനയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2016-ല്‍ പുതിയ ഐ ഫോണും മോട്ടോര്‍ബൈക്കും വാങ്ങാനായി ഒരാള്‍ തന്റെ മകളെ വിറ്റ സംഭവവും ചൈനയിലുണ്ടായി. 

Content Highlights: man sold his son for 18 lakhs in china