കണ്ണൂര്‍: ചെറുപുഴയില്‍ 50-കാരനെ അയല്ക്കാരന് വെടിവെച്ച് കൊലപ്പെടുത്തി. കാനംവയല്‍ ചേന്നാട്ടുകൊല്ലിയില്‍ കൊങ്ങോലയില്‍ ബേബിയാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ബേബിയുടെ അയല്‍ക്കാരനായ വാടാതുരുത്തേല്‍ ടോമിയാണ് വെടിവെച്ചതെന്ന് സമീപവാസികള്‍ പറഞ്ഞു. ഒളിവില്‍പോയ ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
ചെറുപുഴ സി.ഐ. കെ. ഉണ്ണികൃഷ്ണന്റെ നേത്യത്വത്തില്‍ പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ബേബിയുടെ മൃതദേഹം ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അയല്‍ക്കാര്‍ തമ്മിലുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് കരുതുന്നത്.
തിരഞ്ഞെടുപ്പായതിനാല്‍ ലൈസന്‍സുള്ള തോക്കുകളെല്ലാം പോലീസ് സ്റ്റേഷനുകളില്‍ ഹാജരാക്കിയിരുന്നു. ഇതിനിടെയാണ് ചെറുപുഴയില്‍ ഒരാളെ വെടിവെച്ച് കൊലപ്പെടുത്തിയത്. അതിനാല്‍ തോക്കിന്റെ ലൈസന്‍സ് സംബന്ധിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കര്‍ണാടക റിസര്‍വ് വനത്തോട് ചേര്‍ന്ന കേരള അതിര്‍ത്തിയിലാണ് സംഭവം നടന്ന പ്രദേശം.
Content Highlights: man shot dead in cherupuzha kannur