വേങ്ങര: സഹോദരന്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയതിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന ജ്യേഷ്ഠന്‍ കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചു. ഊരകം അത്താണിക്കുണ്ട് കൊട്ടേക്കാട്ട് പരേതനായ അബ്ദുറഹിമാന്റെ മകന്‍ മുഹമ്മദ്കുട്ടി(51)യാണ് തിങ്കളാഴ്ച രാവിലെ ഏഴിന് മരിച്ചത്. കേസില്‍ ഇദ്ദേഹത്തിന്റെ സഹോദരന്‍ അബ്ദുസമദിനെ (41) പോലീസ് അറസ്റ്റ്ചെയ്തു.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. പോലീസ് പറയുന്നതിങ്ങനെ: കേസില്‍ പ്രതിയായ അബ്ദുസമദിന്റെ വീടിനുസമീപം മുഹമ്മദ്കുട്ടിക്ക് നാലരസെന്റ് ഭൂമിയുണ്ട്. ഈ ഭൂമിയില്‍ അബ്ദുസമദ് തന്റെ പറമ്പിലെ ചില മരങ്ങള്‍ മുറിച്ചിട്ടിരുന്നു. ഇതുമാറ്റാന്‍ പലതവണ മുഹമ്മദ്കുട്ടി ആവശ്യപ്പെട്ടു. സംഭവദിവസം രാവിലെ പത്തേമുക്കാലോടെ മുഹമ്മദ്കുട്ടി എത്തി മരങ്ങളില്‍ കരിഓയില്‍ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചു. ഈസമയം അബ്ദുസമദ് സ്വന്തം വീട്ടില്‍നിന്ന് മണ്ണെണ്ണ കൊണ്ടുവന്ന് ജ്യേഷ്ഠന്റെ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു.

പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുഹമ്മദ്കുട്ടിയില്‍നിന്ന് വേങ്ങര പോലീസിന്റെ അപേക്ഷ പരിഗണിച്ച് കോഴിക്കോട് സി.ജെ.എം 4 കോടതി മൊഴിയെടുത്തു.

വ്യാഴാഴ്ച അറസ്റ്റ്ചെയ്ത പ്രതിയെ വെള്ളിയാഴ്ച മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ചെയ്തു. വേങ്ങര സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ഐ പി.എം. ഗോപകുമാര്‍, എസ്.ഐ എന്‍. മുഹമ്മദ്‌റഫീഖ്, സീനിയര്‍ സി.പി.ഒ ഷാജു എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Content Highlights: man set fire on his elder brother in vengara, dies