ശാസ്താംകോട്ട: പോരുവഴി വടക്കേമുറിയിൽ പോർച്ചിലിരുന്ന സ്കൂട്ടറും ബൈക്കും കത്തിച്ച സംഭവത്തിൽ സമീപവാസിയായ ദുർമന്ത്രവാദി അറസ്റ്റിൽ. പോരുവഴി വടക്കേമുറി പുത്തലത്തിൽ രാജേന്ദ്രനാണ്(46) അറസ്റ്റിലായത്. തന്റെ ദുരിതത്തിന് കാരണം സമീപവീട്ടിലെ വാഹനങ്ങളാണെന്ന തോന്നലിൽ വളരെ ആസൂത്രണം ചെയ്താണ് ഇയാൾ വാഹനങ്ങൾ അഗ്നിക്കിരയാക്കിയതെന്ന് ശൂരനാട് എസ്.ഐ. പി.ശ്രീജിത്ത് അറിയിച്ചു.

വടക്കേമുറി അനുജാഭവനത്തിൽ അനിൽകുമാറിന്റെ വീട്ടിലെ പോർച്ചിൽ സൂക്ഷിച്ചിരുന്ന സ്കൂട്ടറും ബൈക്കും കത്തിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ ആറിന് പുലർച്ചേ മൂന്നരയോടെയായിരുന്നു സംഭവം.

അനിൽകുമാറിന്റെ വീടുമായി ഒരുബന്ധവും ഇയാൾക്ക് ഉണ്ടായിരുന്നില്ല. എങ്കിലും ഇയാളുടെ വാഹനങ്ങൾ തന്റെ ദുരിതത്തിനും സാമ്പത്തിക തകർച്ചയ്ക്കും ഇടയാക്കുന്നതായി രാജേന്ദ്രൻ കരുതി. അതിനാൽ വാഹനങ്ങൾ കത്തിക്കാൻ തീരുമാനിച്ചു. അഞ്ച് ലിറ്റർ പെട്രോൾ വാങ്ങി കാത്തിരുന്നശേഷം തന്ത്രപൂർവം കത്തിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

ശൂരനാട് സി.ഐ. എ.ഫിറോസ്, എസ്.ഐ.മാരായ ചന്ദ്രമോഹൻ, വിപിൻ, എ.എസ്.ഐ. ഹർഷാദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

Content Highlights:man set fire neighbours vehicles in kollam arrested