ഹൈദരാബാദ്: കൂട്ടുകാർ തീ കൊളുത്തിയതിനെ തുടർന്ന് മാരകമായി പൊള്ളലേറ്റ യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലെ നെലത്തുരു സ്വദേശി അങ്കമ്മ റാവു(24)വാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. യുവാവിന് 80 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ടെന്നും ആരോഗ്യനില അതീവഗുരുതരമാണെന്നും ഡോക്ടർമാർ അറിയിച്ചു.

ഞായറാഴ്ചയാണ് ഗുരുതരമായി പൊള്ളലേ റ്റനിലയിൽ അങ്കമ്മ റാവുവിനെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെ ഇവർ അങ്കമ്മ റാവുവിനെ പെട്രോളൊഴിച്ച് തീകൊളുത്തിയെന്നാണ് റിപ്പോർട്ട്. യുവാവിന്റെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പിന്നീട് തീയണച്ച് ആശുപത്രിയിൽ എത്തിച്ചത്.

ഗ്രാമത്തിലെ ഒരു യുവതിയുമായി അങ്കമ്മ റാവു പ്രണയത്തിലായിരുന്നുവെന്നും ഇതേച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നുമാണ് പോലീസ് പറയുന്നത്. യുവതിയുമായുള്ള ബന്ധത്തെ യുവാവിന്റെ സുഹൃത്തുക്കൾ പല തവണ എതിർത്തിരുന്നു. ഇതേച്ചൊല്ലി നേരത്തെ തർക്കമുണ്ടാവുകയും ചെയ്തു. ഇതിന്റെ ബാക്കിയായാണ് ഞായറാഴ്ച രാത്രി യുവാവിനെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചത്. മദ്യലഹരിയിലായിരുന്ന അങ്കമ്മ റാവുവിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ ശേഷം ഇവർ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

സംഭവത്തിൽ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

Content Highlights: man set fire by his friends