കാഞ്ഞങ്ങാട്: പതിനൊന്ന് വയസ്സുള്ള ഭാര്യാസഹോദരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ ഹൊസ്ദുര്‍ഗ് പോക്‌സോ കോടതി 30 വര്‍ഷം തടവിന് ശിക്ഷിച്ചു. രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന 35-കാരനാണ് പ്രതി. 2018-ലാണ് കേസ് രജിസ്റ്റര്‍ചെയ്തത്. പെണ്‍കുട്ടിയെ ഭാര്യയുടെ വീട്ടില്‍വെച്ചും ബന്ധുവീട്ടില്‍വെച്ചും മറ്റിടങ്ങളില്‍ കൊണ്ടുപോയും പീഡിപ്പിച്ചെന്നാണ് കേസ്.

ക്ലാസില്‍ അസ്വസ്ഥത കാണിച്ച കുട്ടിയെ കൗണ്‍സലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. അന്നത്തെ വെള്ളരിക്കുണ്ട് ഇന്‍സ്‌പെക്ടര്‍ എം.സുനില്‍കുമാറും രാജപുരം എസ്.ഐ. ആയിരുന്ന ജയകുമാറുമാണ് കേസന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രായപൂര്‍ത്തിയാകാത്ത കുട്ടി, ആവര്‍ത്തിച്ചുള്ള പീഡനം, പ്രതിയുടെ ബന്ധു എന്നിങ്ങനെ മൂന്ന് വകുപ്പുകളിലായാണ് ശിക്ഷ. ഓരോ വകുപ്പിലും 10 വര്‍ഷം തടവും 20,000 രൂപ പിഴയുമാണ് വിധിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്ന് ജഡ്ജി സി.സുരേഷ്‌കുമാര്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. 

പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും മൂന്നുമാസം വീതം ശിക്ഷയനുഭവിക്കണം. പോക്‌സോ കോടതി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ബിന്ദു പ്രോസിക്യൂഷനുവേണ്ടി ഹാജരായി.

Content Highlights: Man sentenced to 30 years’ imprisonment for raping minor girl