ഭുവനേശ്വർ: മദ്യപിക്കാനുള്ള പണത്തിനായി രണ്ട് വയസ്സുള്ള മകളെ പിതാവ് 5000 രൂപയ്ക്ക് വിറ്റു. ഒഡീഷയിലെ ജാജ്പുർ ജില്ലയിലാണ് സംഭവം. ബിൻജഹരപുർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന രമേശ് എന്നയാളാണ് മകളെ 5000 രൂപയ്ക്ക് മീട്ടുജെന എന്നയാൾക്ക് വിറ്റത്. പോലീസ് നടത്തിയ അന്വേഷണത്തിൽ മീട്ടുവിന്റെ വീട്ടിൽനിന്ന് കുട്ടിയെ കണ്ടെത്തി. കുട്ടിയെ ശിശുസംരക്ഷണ സമിതിക്ക് കൈമാറിയതായി പോലീസ് അറിയിച്ചു.

സ്ഥിരം മദ്യപാനിയായ രമേശ് മദ്യപിക്കാനുള്ള പണത്തിന് വേണ്ടിയാണ് കുട്ടിയെ വിറ്റത്. രമേശിന്റെ മദ്യപാനത്തെച്ചൊല്ലി നേരത്തെ കുടുംബത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നു. മദ്യപാനത്തെ എതിർത്ത ഭാര്യയെ ഇയാൾ ഒരു മാസം മുമ്പ് വീട്ടിൽനിന്ന് പുറത്താക്കി. തുടർന്ന് മൂന്ന് കുട്ടികളോടൊപ്പമായിരുന്നു താമസം.

ഏതാനുംദിവസങ്ങൾക്ക് മുമ്പാണ് രണ്ട് വയസ്സുള്ള മകളെ വീട്ടിൽ കാണാത്തതിൽ രമേശിന്റെ പിതാവിന് സംശയം തോന്നിയത്. രമേശിനോട് വിവരം തിരക്കിയെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. കുട്ടിയെ മുത്തച്ഛൻ പലയിടത്തും തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് രമേശിനോട് വീണ്ടും കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പണത്തിന് വേണ്ടി കുട്ടിയെ വിറ്റതായി ഇയാൾ സമ്മതിച്ചത്. ഇതോടെ രമേശിനെതിരേ പിതാവ് തന്നെ ബിൻജഹരപുർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പോലീസ് നടത്തിയ അന്വേഷണത്തിൽ മീട്ടുജെന എന്നയാൾക്കാണ് 5000 രൂപയ്ക്ക് കുട്ടിയെ വിറ്റതെന്ന് കണ്ടെത്തി. തുടർന്ന് ഇവരുടെ വീട്ടിലെത്തിയ പോലീസ് സംഘം കുട്ടിയെ രക്ഷപ്പെടുത്തി ശിശുസംരക്ഷണ സമിതിക്ക് കൈമാറുകയായിരുന്നു.

Content Highlights:man sells two year old daughter for rupees 5000 in odisha