ന്യൂഡൽഹി: ആത്മഹത്യാശ്രമം ഫെയ്സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചയാളെ അവസരോചിതമായ ഇടപെടലിലൂടെ രക്ഷിച്ചു. പടിഞ്ഞാറൻ ഡൽഹിയിലെ ദ്വാരകയിൽ താമസിക്കുന്ന 39-കാരനെയാണ് ഫെയ്സ്ബുക്കിന്റെയും ഡൽഹി പോലീസിന്റെയും ഇടപെടലിലൂടെ രക്ഷപ്പെടുത്താനായത്. ആത്മഹത്യാശ്രമത്തിനിടെ സാരമായി പരിക്കേറ്റ ഇയാളെ പിന്നീട് പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രിയാണ് സോഹൻലാൽ(യഥാർഥ പേരല്ല) എന്നയാൾ ജീവനൊടുക്കാൻ ശ്രമിക്കുന്ന രംഗങ്ങൾ ഫെയ്സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ഫെയ്സ്ബുക്ക് അധികൃതർ ഉടൻതന്നെ ഡൽഹി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് സംഘം ഫെയ്സ്ബുക്ക് അധികൃതർ നൽകിയ വിവരമനുസരിച്ച് സോഹനെ കണ്ടെത്തുകയും ഉടൻതന്നെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

പുലർച്ചെ 12.50-ഓടെയാണ് ഡൽഹി പോലീസിലെ ഡി.സി.പി. അന്യേഷ് റോയിക്ക് യു.എസിലെ ഫെയ്സ്ബുക്ക് ഓഫീസിൽനിന്ന് സന്ദേശം ലഭിച്ചത്. ഡൽഹിയിലുള്ള ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടിൽനിന്ന് ഒരു പുരുഷൻ ജീവനൊടുക്കുന്ന രംഗങ്ങൾ ലൈവ് സ്ട്രീം ചെയ്തിട്ടുണ്ടെന്നായിരുന്നു സന്ദേശം. ഇയാളുടെ ഫെയ്സ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങളും അക്കൗണ്ടുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറും പോലീസിന് കൈമാറി. ഉടൻതന്നെ പോലീസ് സംഘം ഈ നമ്പറിൽ ബന്ധപ്പെട്ടെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് മൊബൈൽ നമ്പറിനായി നൽകിയിട്ടുള്ള മേൽവിലാസം കണ്ടെത്തിയ പോലീസ് നമ്പറിന്റെ ഉടമ ദ്വാരകയിലാണ് താമസമെന്ന് മനസിലാക്കി. ഉടൻതന്നെ ഈ ഭാഗത്തുണ്ടായിരുന്ന എമർജൻസി റെസ്പോൺസ് വെഹിക്കിളി(ഇആർവി)ലെ എസ്.ഐ. അമിത് കുമാറിന് വിലാസം കൈമാറി. ഇദ്ദേഹവും സംഘവും വിലാസം കണ്ടെത്തി വീട്ടിലെത്തിയപ്പോൾ കോണിപ്പടിയിൽ അവശനായി കിടക്കുന്ന 39-കാരനെയാണ് കണ്ടത്. കൈഞരമ്പ് മുറിച്ച് രക്തം വാർന്ന നിലയിലായിരുന്ന ഇയാളെ പോലീസ് സംഘം സമീപത്തെ ആശുപത്രിയിലും പിന്നീട് എയിംസിലെ ട്രോമാകെയറിലും പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു.

ഡൽഹിയിലെ ഒരു മധുര പലഹാരക്കടയിലെ ജീവനക്കാരനാണ് സോഹൻലാൽ. 2016-ൽ ഭാര്യ മരിച്ചതോടെ രണ്ട് കുട്ടികളോടൊപ്പമാണ് താമസം. ഭാര്യ മരിച്ചതിന് ശേഷം മാനസികമായി ഏറെ തകർന്ന സോഹൻലാൽ അയൽക്കാരുമായി പ്രശ്നങ്ങളുണ്ടാക്കുന്നതും പതിവായിരുന്നു. ഇതെല്ലാമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:man saved by delhi police after facebook alert about his suicide attempt live video