കൊടകര: കാഴ്ചയില്ലാത്ത ലോട്ടറി വിൽപ്പനക്കാരനെ കബളിപ്പിച്ച് 40 ടിക്കറ്റുകൾ തട്ടിയെടുത്തു. കൊടകര കാവിൽ കുന്നമ്പിള്ളി വീട്ടിൽ വിനോദാണ് തട്ടിപ്പിനിരയായത്. കൊടകര പോലീസിൽ പരാതി നൽകി. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കൊടകര പൂനിലാർക്കാവ് ദേവീക്ഷേത്രത്തിന് മുന്നിലായിരുന്നു സംഭവം.

ലോട്ടറി ടിക്കറ്റ് എടുക്കാനെന്ന വ്യാജേന അടുത്ത് വന്നയാൾ സെയിം നമ്പറിലുള്ള ടിക്കറ്റുണ്ടോ എന്ന് ചോദിച്ചു. വിനോദ് ടിക്കറ്റ് മുഴുവനും നോക്കാൻ അയാൾക്ക് നൽകി. വേറെ ടിക്കറ്റുകളുണ്ടോ എന്ന് ചോദിച്ച അയാൾക്ക് വിനോദ് കൈയിലുണ്ടായിരുന്ന മറ്റ് ടിക്കറ്റുകളും തിരഞ്ഞെടുക്കാനായി നൽകി.

ക്ഷേത്രത്തിൽ നിന്ന് രണ്ടായിരം രൂപയ്ക്ക് ചില്ലറ വാങ്ങി വരാം എന്നു പറഞ്ഞ് അയാൾ ടിക്കറ്റുമായി പോയി. ഏകദേശം ഒരു മണിക്കൂറായിട്ടും ആൾ മടങ്ങിവന്നില്ല. കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയ വിനോദ് ക്ഷേത്ര ഭാരവാഹികളോട് വിവരം പറഞ്ഞു.

ക്ഷേത്രനടയിലെ സി.സി. ക്യാമറയിൽ ദൃശ്യം പകർന്നിട്ടില്ലെന്നാണ്‌ പ്രാഥമിക പരിശോധനയിൽ മനസ്സിലായിട്ടുള്ളത്. ക്യാമറ പരിശോധന ഉൾപ്പെടെയുള്ള കൂടുതൽ അന്വേഷണം നടത്തുമെന്ന് കൊടകര സി.ഐ. വി. റോയ് പറഞ്ഞു.

Content Highlights: man robbed 40 lottery tickets from blind man