നിരീക്ഷണക്യാമറയില്‍ പതിഞ്ഞ തട്ടിപ്പുകാരന്റെ ചിത്രം
 നിരീക്ഷണക്യാമറയില്‍ പതിഞ്ഞ തട്ടിപ്പുകാരന്റെ ചിത്രം

എടവണ്ണ: ഭാഗ്യക്കുറിക്കടയിൽ കള്ളൻ പോലീസുകാരനായി എത്തി. റെയ്ഡാണെന്നും പറഞ്ഞ് തലങ്ങും വിലങ്ങും പരിശോധന നടത്തി. ഭീഷണിക്ക് വഴങ്ങി ഭാഗ്യക്കുറിക്കാരൻ മേശവലിപ്പിലെ 30,000 രൂപ നൽകി. സ്റ്റേഷനിലെത്തി വാങ്ങണമെന്നു നിർദേശിച്ച് ഭാഗ്യക്കുറി വിൽപ്പനക്കാരന്റെ മൊബൈൽ ഫോണും കൈക്കലാക്കി തട്ടിപ്പുകാരൻ എടവണ്ണ അങ്ങാടിയിൽ നിന്ന് മുങ്ങി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ എടവണ്ണ ബസ്‌സ്റ്റാൻഡ് പരിസരത്തെ ലക്ഷ്മി ലോട്ടറിക്കടയിലാണ് തട്ടിപ്പുകാരനെത്തി പണവും ഫോണുമായി കടന്നത്. ഫോണിന് 22,000 രൂപയോളം വിലവരുമെന്ന് കടയുടമ പറയുന്നു. പോലീസുകാരനാണെന്നു പറഞ്ഞ് സാധാരണ വേഷത്തിലെത്തിയയാൾ കടയിൽ പരിശോധന നടത്തുകയായിരുന്നുവെന്ന് ഉടമ മുണ്ടയ്ക്കൽ രഘു പറയുന്നു.

എഴുത്തുലോട്ടറി ഉൾപ്പെടെ നിയമപരമല്ലാത്ത കാര്യങ്ങൾ നടക്കുന്നുണ്ടോ എന്നന്വേഷിച്ചാണ് തട്ടിപ്പുകാരൻ അകത്തു കടന്നത്. സ്റ്റേഷനിലേക്ക് കൂടെവരാനും നിർദേശിച്ചു. വാഹനം വിളിക്കാനെന്ന വ്യാജേന പുറത്തിറങ്ങിയ ഇയാൾ എടവണ്ണയിലെ ഒരു ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. സീതിഹാജി പാലത്തിനു സമീപത്താണ് ഇയാൾ ഇറങ്ങിയതെന്ന് ഓട്ടോഡ്രൈവർ പറയുന്നു. എടവണ്ണ അങ്ങാടിയിലെ വ്യാപാരസ്ഥാപനങ്ങളിലെ നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.

Content Highlights: man robbed 30,000 rupees and mobile phone from lottery shop by faking as police