മനില: ഫിലീപ്പിന്‍സില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുകയും ആരോഗ്യപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തയാളെ വെടിവെച്ചു കൊന്നു. 63 വയസ്സുകാരനാണ് കൊല്ലപ്പെട്ടതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആഗുസാന്‍ ഡെല്‍ നോര്‍ത്തെയുടെ തെക്കന്‍ പ്രവിശ്യയായ നാസിപിറ്റിലാണ് സംഭവം. 

മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയ ഇയാള്‍ക്ക് ആരോഗ്യപ്രവര്‍ത്തകന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇയാള്‍ ആരോഗ്യപ്രവര്‍ത്തകനോട് തട്ടിക്കയറുകയും മൂര്‍ച്ചയേറിയ ആയുധംകൊണ്ട് ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന പോലീസുകാരന്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകണ്ടില്ല. തൊട്ടുപിന്നാലെ ഇതേ പോലീസുകാരന്‍ തന്നെയാണ് 63 കാരനെ വെടിവെച്ച് കൊലപ്പെടുത്തിയത്. 

രാജ്യത്ത് നിയന്ത്രണങ്ങള്‍ പാലിക്കാത്തവരെയും ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവരെയും വെടിവെച്ച് കൊല്ലാന്‍ ദിവസങ്ങള്‍ക്ക് മുമ്പ് ഫിലീപ്പീന്‍സ് പ്രസിഡന്റ് ഉത്തരവിട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഈ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഫിലിപ്പീന്‍സിലെ പലയിടത്തും കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇതുവരെ മൂവായിരത്തിലേറെ പേര്‍ക്കാണ് ഫിലിപ്പീന്‍സില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 

Content Highlights: man refusing to wear facemask shot dead in Philippines