കൊണ്ടോട്ടി: സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ കൊല്ലം സ്വദേശി അറസ്റ്റില്‍.

മുകുന്ദപുരം പുത്തന്‍വീട്ടില്‍ നിസാമുദ്ദീന്‍ (39) ആണ് പിടിയിലായത്. നീറാട് സ്വദേശിനിയുടെ ഭര്‍ത്താവിന്റെ പരാതിയിലാണ് ഇയാളെ പോലീസ് പിടികൂടിയത്. ഷെയര്‍ ചാറ്റ് മുഖേന പരിചയത്തിലായ ഇരുപത്തൊന്നുകാരിയെ കഴിഞ്ഞ ഫെബ്രുവരിയില്‍ എറണാകുളത്തും കോഴിക്കോട്ടും ലോഡ്ജുകളില്‍ കൊണ്ടുപോയാണ് പീഡിപ്പിച്ചത്. 

യുവതിയുടെ സ്വര്‍ണാഭരണങ്ങള്‍ വാങ്ങി പണയംവെച്ച് തിരിച്ചുനല്‍കാതെ വഞ്ചിച്ചതായും പരാതിയുണ്ട്. നിസാമുദ്ദീന്‍ കാസര്‍കോട്ടെ ഒരു ഹോട്ടലില്‍ ജോലിചെയ്തുവരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. ഇയാളുടെ ഫോണ്‍ പരിശോധിച്ചതില്‍ ഒട്ടേറെ സ്ത്രീകളെ വലയിലാക്കിയതായി സൂചനയുണ്ട്.

ഇന്‍സ്പെക്ടര്‍ സി. പ്രമോദിന്റെ നേതൃത്വത്തില്‍ എസ്.ഐ.മാരായ എം. അജാസുദ്ദീന്‍, എ. ദിനേഷ്‌കുമാര്‍, സി.പി.ഒ.മാരായ രതീഷ്, പമിത്ത്, മുസ്തഫ എന്നിവര്‍ ചേര്‍ന്നാണ് നിസാമുദ്ദീനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ചെയ്തു.