തലശ്ശേരി: യുവതിയെ മുഖത്ത് ആസിഡൊഴിച്ച് പൊള്ളലേൽപ്പിച്ച കേസിൽ പ്രതിക്ക് 12വർഷം കഠിനതടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി എ. ഹാരിസാണ് വിധി പറഞ്ഞത്. പിലാത്തറ ചെറുതാഴം ആദംപൊലിൽ ഹൗസിൽ ജയിംസ് ആന്റണിയെയാണ്(49) ശിക്ഷിച്ചത്. പിഴയടയ്ക്കുന്നില്ലെങ്കിൽ മൂന്നു വർഷം കൂടി തടവനുഭവിക്കണം. പിഴയടച്ചാൽ തുക യുവതിക്ക് നൽകണം.

മക്കളോടൊപ്പം പാതിരക്കുർബാനയ്ക്ക് പള്ളിയിലേക്ക് പോകുകയായിരുന്ന പരിയാരം എമ്പേറ്റ് മഠത്തിൽ വീട്ടിൽ റിൻസി(29)യാണ് അക്രമത്തിനിരയായത്. സാന്താക്ലോസിന്റെ വേഷമിട്ട് മുഖംമൂടി ധരിച്ചെത്തിയ പ്രതി യുവതിയുടെ മുഖത്ത് ആസിഡൊഴിക്കുകയായിരുന്നു. 2015 ഡിസംബർ 24-നാണ് കേസിനാസ്പദമായ സംഭവം. കേസിൽ 27 സാക്ഷികളെ വിസ്തരിച്ചു. റിൻസിയോട് പ്രതിക്കുള്ള ശത്രുതയാണ് അക്രമത്തിനിടയാക്കിയത്. വികൃതമാക്കണമെന്ന ഉദ്ദേശ്യത്തോടെ ആസിഡൊഴിച്ച് മുഖം ഗുരുതരമായി പൊള്ളലേൽപ്പിക്കുകയായിരുന്നു.

പ്രോസിക്യൂഷനുവേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി.കെ.രാമചന്ദ്രൻ ഹാജരായി. ശാസ്ത്രീയപരിശോധനയിലൂടെയാണ് മുഖംമൂടിധരിച്ചെത്തിയ പ്രതിയെ തിരിച്ചറിഞ്ഞത്. യുവതിയുടെ മുഖം വികൃതമാകുകയും കണ്ണിന്റെ കാഴ്ചയെ ബാധിക്കുകയും ചെയ്തു.

മകന്റെ പുറത്തും കഴുത്തിനും പരിക്കേറ്റിരുന്നു. വിചാരണ വേഗത്തിലാക്കാൻ യുവതി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എട്ടമാസത്തിനകം വിചാരണ പൂർത്തിയാക്കി വിധിപറയാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഹൈക്കോടതി ഉത്തരവ് പ്രകാരം ശനിയാഴ്ചയായിരുന്നു വിധിപറയാനുള്ള അവസാനതീയതി.

Content Highlights: man punished for 12 years imprisonment and fined 10 lakh rupees for acid attack on girl