മുംബൈ: സിനിമകളിലേക്കും വെബ് സീരിയലുകളിലേക്കും നടീനടന്മാരെ തിരഞ്ഞെടുക്കുന്ന കാസ്റ്റിങ് ഡയറക്ടറാണെന്ന വ്യാജേന യുവതികളെ ലൈംഗികചൂഷണത്തിന് ഇരകളാക്കാന്‍ ശ്രമിച്ചയാളെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഏതാനും ബംഗാളിസിനിമകളില്‍ അഭിനയിച്ചിട്ടുള്ള കൊല്‍ക്കത്ത നിവാസിയുടെ പരാതിയിലാണ് ഓംപ്രകാശ് തിവാരിയെന്ന ഇരുപത്തിനാലുകാരനെ കഴിഞ്ഞദിവസം പിടികൂടിയത്.

മുംബൈയിലെ ചലച്ചിത്രനിര്‍മാണസ്ഥാപനത്തില്‍ ജോലിചെയ്തിരുന്നയാളാണ് തിവാരിയെന്ന് പോലീസ് പറഞ്ഞു. സ്വന്തമായി നിര്‍മാണസ്ഥാപനം നടത്തുന്നയാളാണെന്ന് അവകാശപ്പെട്ടുകൊണ്ട് ഇയാള്‍ സാമൂഹികമാധ്യമങ്ങളില്‍ അക്കൗണ്ടുകള്‍ തുടങ്ങി. പുതുതായി തുടങ്ങുന്ന വെബ് സീരിയിലേക്ക് നടീനടന്മാരെ ആവശ്യമുണ്ടെന്നും താനാണ് അതിന്റെ കാസ്റ്റിങ് ഡയറക്ടര്‍ എന്നുമാണ് ഇയാള്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ചാണ് പരാതിക്കാരി തിവാരിക്ക് അപേക്ഷ നല്‍കിയത്.

വെബ് സീരിയിലേക്ക് പരിഗണിക്കുന്നതിന് ചിത്രങ്ങള്‍ അയച്ചുകൊടുക്കാന്‍ തിവാരി ആവശ്യപ്പെട്ടു. സ്വകാര്യ ചിത്രങ്ങളും വേണമെന്നായിരുന്നു ആവശ്യം. ചിത്രങ്ങള്‍ കിട്ടിയപ്പോഴാണ് ദുരുദ്ദേശ്യത്തോടെ സമീപിച്ചത്. വഴങ്ങാതെ വന്നപ്പോള്‍ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്നാണ് യുവതി മലാഡ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

തിവാരിക്കെതിരേ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയിട്ടുണ്ടെന്ന് മലാഡ് പോലീസ് സ്റ്റേഷനിലെ സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ധനഞ്ജയ് ലിഗാഡെ അറിയിച്ചു. ഇയാള്‍ നിര്‍മാണസ്ഥാപനമൊന്നും നടത്തുന്നില്ലെന്നും നേരത്തേ ജോലിചെയ്തതിന്റെ പരിചയംവെച്ചാണ് കാസ്റ്റിങ് ഡയറക്ടറായി ഭാവിച്ചതെന്നും ലിഗാഡെ പറഞ്ഞു.