വഡോദര: സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തിനിടെ ഒരാൾ കൊല്ലപ്പെട്ടു. വഡോദര ലാസുന്ദ്ര ഗ്രാമത്തിലെ രാകേഷ് രത്തോദിയയെ ആണ് സുഹൃത്ത് കാളിദാസ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം ഒളിവിൽപോയ കാളിദാസിനായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. രാകേഷും മറ്റ് രണ്ട് സുഹൃത്തുക്കളും കൃഷിയിടത്തിലെ വാട്ടർ ടാങ്കിന് താഴെ മൊബൈലിൽ സിനിമ കണ്ടിരിക്കുകയായിരുന്നു. ഇതിനിടെ സുഹൃത്തായ കാളിദാസ് വാട്ടർ ടാങ്കിന് മുകളിൽനിന്ന് മൂവരുടെയും ദേഹത്തേക്കും മൊബൈലിലേക്കും മൂത്രമൊഴിച്ചു. കൂട്ടുകാരെ അധിക്ഷേപിക്കുകയും ചെയ്തു. കാളിദാസിനോട് കൃഷിയിടത്തിൽനിന്ന് പുറത്തുപോകാൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. വീണ്ടും രാകേഷിനെ കളിയാക്കുന്നത് തുടർന്നു. ഇതോടെയാണ് ഇരുവരും തമ്മിൽ അടിപിടിയുണ്ടായത്.

സംഘർഷത്തിനിടെ കാളിദാസ് രാകേഷിന്റെ കഴുത്തിൽ മുറുക്കിപിടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇവരെയും പരിക്കേൽപ്പിച്ചു. രാകേഷ് ബോധരഹിതനായതോടെ കാളിദാസ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു.

രാകേഷിനെ ഉടൻതന്നെ സുഹൃത്തുക്കൾ വീട്ടിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. പ്രതിയായ കാളിദാസ് നേരത്തെയും സമാനമായ പ്രശ്നങ്ങളിൽ ഉൾപ്പെട്ടയാളാണെന്നും ആളുകളെ ഉപദ്രവിക്കുന്നത് പതിവാണെന്നും പോലീസ് പറഞ്ഞു.

Content Highlights:man pees on friends while seeing movie in mobile phone one killed after clash