സൂറത്ത്: അകന്നുകഴിയുന്ന ഭാര്യ കോവിഡ് കാലത്ത് മക്കളുമായി എവിടെ പോകുന്നുവെന്ന് നിരീക്ഷിക്കാൻ ചാരനെ ഏർപ്പെടുത്തി ഭർത്താവ്. 'ചാരനായ' ഫുഡ് ഡെലിവറി ജീവനക്കാരനെ കൈയോടെ പിടികൂടിയതിന് പിന്നാലെയാണ് പണി ഏൽപ്പിച്ച ഭർത്താവും അറസ്റ്റിലായത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.

സ്വർണ-വജ്രാഭരണ ബിസിനസുകാരനായ അപൂർവ മണ്ഡലാണ്(41) ഭാര്യയെയും മക്കളെയും നിരീക്ഷിക്കാൻ മറ്റൊരാളെ ഏർപ്പെടുത്തിയത്. സ്വന്തം വീട്ടിൽ താമസിക്കുന്ന ഭാര്യ 14-ഉം 11-ഉം വയസ്സുള്ള മക്കളുമായി പുറത്തുപോകുന്നുണ്ടോ എന്ന് നിരീക്ഷിക്കലായിരുന്നു ഫുഡ് ഡെലിവറി ജീവനക്കാരനായ 25-കാരന്റെ ജോലി. ഒരു മണിക്കൂറിന് 400 രൂപയായിരുന്നു ഇയാൾക്ക് കൂലി. എന്നാൽ ജൂലായ് 16-ന് ഫുഡ് ഡെലിവറി ജീവനക്കാരൻ ഫോട്ടോ എടുക്കുന്നത് കണ്ട യുവതിയും പിതാവും ഇയാളെ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യംചെയ്യലിലാണ് മണ്ഡലിന് വേണ്ടിയാണ് എല്ലാംചെയ്തതെന്ന് വ്യക്തമായത്. തുടർന്ന് യുവതിയുടെ ഭർത്താവായ മണ്ഡലിനെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

ചാരപ്പണി നടത്തിയിരുന്ന യുവാവ് മണ്ഡലിന് നിരന്തരം ഭാര്യയുടെ ഫോട്ടോ അയച്ചുനൽകിയിരുന്നതായി പോലീസ് പറഞ്ഞു. ഫുഡ് ഡെലിവറിക്ക് വന്നതാണെന്നാണ് ഇയാൾ ആദ്യം പോലീസിനോട് പറഞ്ഞതെങ്കിലും പിന്നീട് സത്യം വെളിപ്പെടുത്തുകയായിരുന്നു.

എന്നാൽ കോവിഡ് കാലത്ത് തന്റെ മക്കൾക്ക് രോഗം വരുമോ എന്ന ആശങ്കയാണ് ഈ കൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് മണ്ഡലിന്റെ മൊഴി. കഴിഞ്ഞ മെയ് മാസത്തിൽ ഇളയമകനെ സുഖമില്ലാതെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കോവിഡ് പടരുന്നതിനിടെ ഭാര്യ മക്കളുമായി പുറത്തുപോകുമോ എന്ന ആശങ്കയുണ്ടായി. ഇതിനാലാണ് മറ്റൊരാളെ നിരീക്ഷണത്തിന് ഏർപ്പെടുത്തിയതെന്നും ഭാര്യയുടെ കുടുംബം മക്കളെ കാണാൻപോലും അനുവദിക്കാറില്ലെന്നും ഇയാൾ പറഞ്ഞു.

2002-ലാണ് തന്റെ സഹപാഠിയുടെ സഹോദരിയെ അപൂർവ മണ്ഡൽ വിവാഹം കഴിച്ചത്. രണ്ട് ആൺമക്കളാണ് ദമ്പതിമാർക്കുള്ളത്. എന്നാൽ ദാമ്പത്യപ്രശ്നങ്ങൾ കാരണം 2016-ൽ ഭാര്യ സ്വന്തം വീട്ടിലേക്ക് താമസം മാറി. വിവാഹമോചനത്തിന് കോടതിയെ സമീപിക്കുകയും ചെയ്തു. കഴിഞ്ഞ മെയ് മാസത്തിൽ മകൻ ആശുപത്രിയിലായപ്പോൾ ഇരുവരും കൂട്ടിരിക്കാനുണ്ടായിരുന്നു. ഇതിനിടെ വീണ്ടും ഒരുമിച്ച് താമസിക്കാൻ തീരുമാനിച്ചെങ്കിലും ചില പ്രശ്നങ്ങൾ കാരണം അതും യാഥാർഥ്യമായില്ല.

Content Highlights:man paid rupees 400 per hundred for spying work to watch his wife and children