ഹൈദരാബാദ്: പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ സംഭവത്തില്‍ മാസങ്ങള്‍ക്കുശേഷം അന്വേഷണം ആരംഭിച്ചു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇയാള്‍ പോലീസുകാരനാണെന്നാണ് പെണ്‍കുട്ടികളുടെ ആരോപണം. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് നഗരത്തില്‍ പ്രതിഷേധങ്ങളും അരങ്ങേറിയിരുന്നു. 

ഹൈദരാബാദിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ഹോസ്റ്റലിന് മുന്‍വശത്തുള്ള വഴിയില്‍ പട്ടാപ്പകലായിരുന്നു ബൈക്കിലെത്തിയ യുവാവ് നഗ്നതാപ്രദര്‍ശനം നടത്തിയത്. വിദ്യാര്‍ഥിനി നടന്നുപോകുമ്പോള്‍ ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു. 2019 ഒക്ടോബര്‍ 20 നായിരുന്നു സംഭവം. വിദ്യാര്‍ഥിനി ഇത് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയതോടെ ഇയാള്‍ ബൈക്കില്‍ കയറി രക്ഷപ്പെട്ടു. 

സംഭവത്തില്‍ അന്നുതന്നെ റാച്ചക്കോണ്ട പോലീസിന്റെ ഷീ ടീമിന് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നാണ് വിദ്യാര്‍ഥിനികളുടെ ആരോപണം. തുടര്‍ന്ന് ദിവസങ്ങള്‍ക്ക് സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞദിവസം മാത്രമാണ് ഈ സംഭവം തന്റെ ശ്രദ്ധയില്‍പ്പെട്ടതെന്നും ഉടന്‍തന്നെ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടതായും റാച്ചക്കോണ്ട പോലീസ് കമ്മീഷണര്‍ മഹേഷ് എം. ഭാഗവത് അറിയിച്ചു. 

Content Highlights: man nude show in front of girls hostel in hyderabad, police initiated probe