റാഞ്ചി: മദ്യലഹരിയില്‍ അമ്മയെ കൊലപ്പെടുത്തി ആരുമറിയാതെ സംസ്‌കരിക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. ജാര്‍ഖണ്ഡിലെ ജോഗാഗുതു നാംവീര്‍തോല സ്വദേശി പ്രധാന്‍ സോയി(35)യെയാണ് അമ്മ സുമി സോയി(60)യെ കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്തത്. അമ്മയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം രഹസ്യമായി സംസ്‌കരിക്കാന്‍ ശ്രമിച്ച യുവാവിനെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് പിടിച്ചുവെച്ച് പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് സംഭവങ്ങളുടെ തുടക്കം. മദ്യപാനിയായ പ്രധാന്‍സോയ് അമിതമായി മദ്യപിച്ചാണ് വീട്ടിലെത്തിയത്. അമ്മ സുമി സോയി ഇത് ചോദ്യംചെയ്തതോടെ തടിക്കഷണം ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അമ്മ മരിച്ചെന്ന് ഉറപ്പുവരുത്തിയോടെ മൃതദേഹം രഹസ്യമായി സംസ്‌കരിക്കാനായി വീടിന്റെ പിന്‍ഭാഗത്ത് ചിതയൊരുക്കി. ചിതയ്ക്ക് തീകൊളുത്തിയതിന് പിന്നാലെ ഇതിന് മുകളില്‍ കോഴിയെ ചുട്ട പ്രതി അതും ഭക്ഷിച്ചു. ഇതിനിടെ ചിതയിലെ തീയണഞ്ഞു.

പാതി കത്തിക്കരിഞ്ഞ നിലയിലായിരുന്ന മൃതദേഹം പിറ്റേദിവസം അടുപ്പുകൂട്ടി കത്തിക്കാനായിരുന്നു പ്രതിയുടെ പദ്ധതി. ഇതിനിടെ സഹോദരി വീട്ടിലെത്തുകയും നടുക്കുന്ന കാഴ്ച കണ്ട് അയല്‍ക്കാരെ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് യുവാവിനെ കെട്ടിയിടുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തു.

അറസ്റ്റിലായ യുവാവ് നാല് വര്‍ഷം മുമ്പ് പിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്നാണ് വിവരം. എന്നാല്‍ ഈ കേസില്‍ ജാമ്യം ലഭിച്ചാണോ പ്രതി പുറത്തിറങ്ങിയതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Content Highlights: man murders mother and cooks chicken on her pyre