മുംബൈ: മഹാരാഷ്ട്രയിൽ 50-കാരനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും ബന്ധുക്കളും ഉൾപ്പെടെ ഏഴു പേർ അറസ്റ്റിലായി. മഹാരാഷ്ട്ര ബദൻപുർ സ്വദേശികളായ രഞ്ജന(36), സഹോദരി മീനാഭായി(40) ബന്ധുവായ രാംപ്രസാദ് ജാദവ്(32), വാടക കൊലയാളി സന്താഷ് പവാർ(40) ഇയാളുടെ കൂട്ടാളികളായ ബാപുർ ഗോലാപ്(37), അരുൺ നാഗ്രെ(35), ശ്യാം താംബെ(25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് രഞ്ജനയുടെ ഭർത്താവ് അശോക് ജാദവിനെ(50) കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.

രഞ്ജനയും ബന്ധുവായ രാംപ്രസാദും തമ്മിൽ രഹസ്യബന്ധം ഉണ്ടായിരുന്നതായും ഇത് ഭർത്താവ് അറിഞ്ഞതോടെയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തതെന്നും പോലീസ് പറഞ്ഞു. കഴിഞ്ഞ 12 വർഷമായി രഞ്ജനയും രാംപ്രസാദും തമ്മിൽ അടുപ്പത്തിലായിരുന്നു. അടുത്തിടെയാണ് അശോക് ജാദവ് ഈ ബന്ധമറിഞ്ഞത്. ഇതേച്ചൊല്ലി പിന്നീട് ദമ്പതിമാർ തമ്മിൽ വഴക്കിടുകയും രഞ്ജനയെ ഉപദ്രവിക്കുകയും ചെയ്തു. ഇതോടെയാണ് രഞ്ജനയും മറ്റുപ്രതികളും ചേർന്ന് അശോക് ജാദവിനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.

വ്യാഴാഴ്ചയാണ് കൈകാലുകൾ കെട്ടിയിട്ട നിലയിൽ അശോക് ജാദവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ മനസിലായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഭാര്യാസഹോദരിയായ മീനാഭായിയാണ് അവസാനമായി അശോകിനെ വിളിച്ചതെന്ന് തെളിഞ്ഞത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

12 വർഷമായി തുടരുന്ന രഞ്ജനയുടെ രഹസ്യബന്ധം ഒരുമാസം മുമ്പാണ് അശോക് ജാദവ് കണ്ടെത്തിയത്. രഞ്ജനയും കാമുകനായ രാംപ്രസാദും തമ്മിലുള്ള ഫോൺസംഭാഷണം റെക്കോഡ് ചെയ്തത് ഇയാൾക്ക് ലഭിക്കുകയായിരുന്നു. ഇതേച്ചൊല്ലി അശോക് ജാദവ് ഭാര്യയെ മർദിക്കുന്നത് പതിവായി. രഞ്ജന ഇക്കാര്യം സഹോദരിയെയും കാമുകനെയും അറിയിച്ചു. തുടർന്നാണ് മൂവരും വാടക കൊലയാളികളുടെ സഹായത്തോടെ അശോക് ജാദവിനെ വകവരുത്താൻ തീരുമാനിച്ചത്.

വ്യാഴാഴ്ച അശോക് ജാദവിനെ ഫോണിൽ വിളിച്ച ഭാര്യാസഹോദരി മീനാഭായി അശോകിനോട് തന്റെ ഗ്രാമത്തിലേക്ക് വരാൻ ആവശ്യപ്പെട്ടു. ഗ്രാമത്തിലെത്തിയ അശോകിനെ ഇവർ വശീകരിച്ച് സമീപത്തെ കുന്നിൻപ്രദേശത്തേക്ക് കൂട്ടിക്കൊണ്ടുപോയി. അശോകുമായി ലൈംഗികബന്ധത്തിന് താത്‌പര്യമുണ്ടെന്ന് പറഞ്ഞാണ് കൂട്ടിക്കൊണ്ടുപോയത്. ഇവിടെയെത്തിയപ്പോൾ ഒളിച്ചിരുന്ന മറ്റുപ്രതികൾ അശോകിനെ മർദിക്കുകയായിരുന്നു. തുടർന്ന് കൈയും കാലും കെട്ടിയിട്ടശേഷം ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മൃതദേഹം മറ്റൊരിടത്ത് ഉപേക്ഷിക്കുകയും ചെയ്തു.

രണ്ട് ലക്ഷം രൂപയ്ക്കാണ് രഞ്ജനയും രാംപ്രസാദും മീനഭായിയും മറ്റുപ്രതികൾക്ക് ക്വട്ടേഷൻ നൽകിയത്. രഞ്ജനയുടെ സ്വർണാഭരണങ്ങൾ വിറ്റ് രണ്ട് ലക്ഷം രൂപ നൽകാമെന്നായിരുന്നു വാഗ്ദാനം. അഡ്വാൻസായി 17000 രൂപയും നൽകി. തുടർന്നാണ് സന്തോഷ് പവാർ കൊലപാതകത്തിന് ക്വട്ടേഷൻ ഏറ്റെടുത്തതെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Content Highlights:man murdered in maharashtra his wife and six others arrested