മെക്‌സികോ സിറ്റി: 26 വയസ്സുകാരിയായ കാമുകിയെ കഴുത്തറുത്ത് കൊന്ന 46 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. മെക്‌സിക്കോയിലെ ഗുസ്റ്റാവോ മഡേറോയിലായിരുന്നു ദാരുണസംഭവം. ഇന്‍ഗ്രിത് എക്‌സാമില വാര്‍ഗസ് എന്ന യുവതിയാണ് കാമുകന്റെ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ ഇന്‍ഗ്രിതിന്റെ കാമുകനും സിവില്‍ എന്‍ജിനീയറുമായ എറിക് ഫ്രാന്‍സിസ്‌കോയാണ് പിടിയിലായത്. 

കമിതാക്കള്‍ക്കിടയിലുണ്ടായ വഴക്കാണ് ദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൃത്യം നടക്കുന്നതിന് മുമ്പ് ഇരുവരും തമ്മില്‍ വഴക്കിട്ടിരുന്നു. ഇതിനിടെ എറികിനെ കൊല്ലുമെന്ന് ഇന്‍ഗ്രിത് ഭീഷണിപ്പെടുത്തി. എറിക്കും ഇതേരീതിയില്‍തന്നെ തിരിച്ചും പ്രതികരിച്ചു. തൊട്ടുപിന്നാലെ ഇന്‍ഗ്രിത് ഒരു കത്തിയെടുത്ത് എറിക്കിനെ കുത്തിപരിക്കേല്‍പ്പിച്ചു. 

കുത്തേറ്റിട്ടും അട്ടഹസിച്ച എറിക് വീണ്ടും തന്നെ കുത്തിപരിക്കേല്‍പ്പിക്കാനാണ് കാമുകിയോട് ആവശ്യപ്പെട്ടത്. രണ്ടുതവണ കുത്തിയതിന് പിന്നാലെ എറിക് ഈ കത്തി പിടിച്ചുവാങ്ങുകയും യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തുകയുമായിരുന്നു. 

ഇന്‍ഗ്രിതിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി. ഇതില്‍ ചിലഭാഗങ്ങള്‍ ശുചിമുറിയിലെ ക്ലോസറ്റില്‍ തള്ളി. മറ്റുചിലത് പ്ലാസ്റ്റിക് കവറിലാക്കി വലിച്ചെറിഞ്ഞതായും പ്രതി പോലീസിനോട് പറഞ്ഞു. 

സംഭവത്തിന് ശേഷം ചോരയില്‍ കുളിച്ച് പുറത്തിറങ്ങിയ എറിക്കിനെ കണ്ട സമീപവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റിന് സമീപത്തുനിന്ന് പ്ലാസ്റ്റിക് കവറില്‍ ഉപേക്ഷിച്ച ശരീരഭാഗങ്ങളും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, യുവതിയുടെ കൊലപാതകത്തില്‍ സാമൂഹികമാധ്യമങ്ങളിലടക്കം പ്രതിഷേധം ശക്തമായി. കൊല്ലപ്പെട്ട ഇന്‍ഗ്രിതിന് നീതി ലഭിക്കണമെന്നും തക്കതായ നടപടി സ്വീകരിക്കണമെന്നുമാണ് സാമൂഹികമാധ്യമങ്ങളിലെ കുറിപ്പുകള്‍. 

Content Highlights: man murdered his girl friend in mexico