ആലുവ: പെരിയാറിൽ കാണാതായെന്ന് കരുതിയ യുവാവിനെ കോട്ടയത്ത് നിന്ന് 'ജീവനോടെ' പിടികൂടി പോലീസ്. ആലുവ മണപ്പുറത്ത് പുഴയിൽ ചാടി ജീവനൊടുക്കിയെന്ന് നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ച ശേഷം നാടുവിട്ട മുപ്പത്തടം കീലേടത്ത് വീട്ടിൽ സുധീറിനെ(38)യാണ് കോട്ടയത്തുനിന്ന് ആലുവ പോലീസ് പിടികൂടിയത്. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യത കാരണമാണ് ഇത്തരമൊരു നാടകം കളിച്ച് നാടുവിട്ടതെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു.

വെള്ളിയാഴ്ചയാണ് മണപ്പുറം ഭാഗത്തെ പെരിയാറിന്റെ കരയിൽ വസ്ത്രങ്ങളും ചെരിപ്പും മൊബൈൽ ഫോണുമടക്കം കണ്ടെത്തിയത്. ആരോ പുഴയിൽ ചാടിയെന്ന് കരുതിയതോടെ നാട്ടുകാർ പുഴയിലിറങ്ങി തിരച്ചിൽ ആരംഭിച്ചു. വൈകാതെ പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിലിൽ പങ്കാളികളായി. വസ്ത്രങ്ങളും ഫോണും മുപ്പത്തടം സ്വദേശി സുധീറിന്റെയാണെന്ന് തിരിച്ചറിഞ്ഞു. വൻ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതിനാൽ സുധീർ പെരിയാറിൽ ചാടി ജീവനൊടുക്കി എന്നുതന്നെയായിരുന്നു നിഗമനം. എന്നാൽ മണിക്കൂറുകളോളം പെരിയാറിൽ തിരച്ചിൽ നടത്തിയിട്ടും സുധീറിനെ കണ്ടെത്താനായില്ല.

ശനിയാഴ്ചയും നാട്ടുകാരുടെ പ്രത്യേകസംഘം തിരച്ചിലിനിറങ്ങി നിരാശരായി മടങ്ങി. ഒപ്പം അഗ്നിരക്ഷാസേനയും തിരച്ചിൽ അവസാനിപ്പിച്ചു. എന്നാൽ മണിക്കൂറുകൾ പിന്നിട്ടതോടെയാണ് യുവാവ് പുഴയിൽ ചാടിയ സംഭവത്തിൽ അപ്രതീക്ഷിത ട്വിസ്റ്റുണ്ടായത്. കാണാതായ സുധീർ വീട്ടിലേക്ക് ഫോൺവിളിച്ച് താൻ കോട്ടയത്തുണ്ടെന്ന് പറഞ്ഞതായി ഇയാളുടെ സഹോദരനും ഭാര്യയും പോലീസിനെ അറിയിച്ചു. വിവരമറിഞ്ഞയുടൻ ആലുവ സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോട്ടയത്തുനിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

സ്ഥിരമായി വലിയ തുകയ്ക്ക് ലോട്ടറി എടുക്കുന്നയാളായിരുന്നു സുധീർ. ഇതിലൂടെ എട്ട് ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. കടക്കാരിൽനിന്ന് രക്ഷപ്പെടാനായാണ് പെരിയാറിൽ ചാടി മരിച്ചെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചത്. വെള്ളിയാഴ്ച പുതിയ വസ്ത്രങ്ങളെല്ലാം വാങ്ങി മണപ്പുറം ഭാഗത്ത് എത്തിയ യുവാവ് നേരത്തെ ധരിച്ചിരുന്ന വസ്ത്രങ്ങൾ അവിടെ അഴിച്ചുവെയ്ക്കുകയായിരുന്നു. തുടർന്ന് പുതിയ വസ്ത്രങ്ങളണിഞ്ഞ് കോട്ടയം ഭാഗത്തേക്ക് കടക്കുകയും ചെയ്തു. എന്നാൽ രണ്ട് ദിവസമായി തനിക്ക് വേണ്ടി നാട്ടുകാർ ഒന്നടങ്കം തിരച്ചിൽ നടത്തുന്നതും കോട്ടയത്ത് താമസിക്കാൻ മറ്റുമാർഗങ്ങളില്ലാതായതോടും കൂടി വീട്ടിലേക്ക് വിളിച്ച് സത്യം വെളിപ്പെടുത്തുകയായിരുന്നു.

കാണാനില്ലെന്ന പരാതിയിൽ നേരത്തെ രജിസ്റ്റർ ചെയ്ത കേസിന് പുറമേ, പോലീസിനെയും അഗ്നിരക്ഷാസേനയെയും കബളിപ്പിച്ചതിനും സുധീറിനെതിരേ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച ആറുമണിയോടെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

Content Highlights:man misleads police and fire force finally caught from kottayam