പട്‌ന: ബിഹാറില്‍ ഗര്‍ഭിണിയായ കാമുകിയെ യുവാവ് പോലീസ് സ്‌റ്റേഷനില്‍വെച്ച് വിവാഹം കഴിച്ചു. ഗയ ജില്ലയിലെ ചന്ദൗതി പോലീസ് സ്‌റ്റേഷനിലാണ് ഓഗസ്റ്റ് 15-ന് വിവാഹം നടന്നത്. യുവതിയുടെയും കുടുംബാംഗങ്ങളുടെയും ആവശ്യപ്രകാരമാണ് പോലീസ് മുന്‍കൈയെടുത്ത് വിവാഹം നടത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. 

ദിവസങ്ങള്‍ക്ക് മുമ്പാണ് അഞ്ച് മാസം ഗര്‍ഭിണിയായ യുവതി മഖ്ദുംപുര്‍ സ്വദേശിയായ കാമുകനെതിരേ പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. താന്‍ ഗര്‍ഭിണിയാണെന്നറിഞ്ഞതോടെ കാമുകന്‍ തന്നെ ഒഴിവാക്കിയെന്നായിരുന്നു യുവതിയുടെ പരാതി. കാമുകനെ ജയിലിലടയ്ക്കണമെന്ന് തനിക്ക് ആഗ്രഹമില്ലെന്നും കാമുകനെ വിവാഹം കഴിക്കാനാണ് ആഗ്രഹമെന്നും യുവതി പറഞ്ഞു. ഇതോടെയാണ് പീഡന കേസ് രജിസ്റ്റര്‍ ചെയ്യാനൊരുങ്ങിയ പോലീസ് സംഘം യുവാവിനെ തേടിയിറങ്ങിയത്. 

അടുത്ത ബന്ധുക്കളായ യുവാവും യുവതിയും കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രണയത്തിലായിരുന്നു. അടുത്തിടെ വയറുവേദന വന്നതോടെയാണ് യുവതി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്. തുടര്‍ന്ന് യുവതി യുവാവുമായുള്ള ബന്ധത്തെക്കുറിച്ച് വീട്ടുകാരോട് വെളിപ്പെടുത്തുകയും പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയുമായിരുന്നു.  

യുവതിയുടെ അഭ്യര്‍ഥന മാനിച്ച് പരാതിയില്‍ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. എന്നാല്‍ ഒളിവില്‍പോയ യുവാവിനെ കണ്ടെത്താനായി പോലീസ് ശ്രമങ്ങള്‍ തുടങ്ങി. യുവാവിന്റെ വീട്ടിലെത്തിയ പോലീസ് സംഘം മാതാപിതാക്കളെ കാണുകയും മകനോട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതനുസരിച്ച് യുവാവ് ശനിയാഴ്ച വൈകിട്ടോടെ പോലീസിന് മുന്നില്‍ ഹാജരായി. 

കാമുകിയെ വിവാഹം കഴിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും എന്നാല്‍ ഗര്‍ഭിണിയായതോടെ പേടിച്ചുപോയെന്നും അതിനാലാണ് ഒളിവില്‍പോയതെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. യുവാവ് ഹാജരായതോടെ ഞായറാഴ്ച രാവിലെ പോലീസ് സംഘം യുവതിയെയും കുടുംബാംഗങ്ങളെയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. എന്നാല്‍ എത്രയുംവേഗം പോലീസിന്റെ സാന്നിദ്ധ്യത്തില്‍ ഇരുവരുടെയും വിവാഹം നടത്തണമെന്നായിരുന്നു യുവതിയുടെ കുടുംബത്തിന്റെ ആവശ്യം. ഇതോടെ പോലീസുകാര്‍ തന്നെ പുരോഹിതനെ ഏര്‍പ്പാടാക്കുകയും സ്റ്റേഷനില്‍വെച്ച് വിവാഹം നടത്തുകയുമായിരുന്നു. 

Content Highlights: man marries pregnant girl friend at police station in gaya bihar