ഭുവനേശ്വർ: വയോധികയെ കൊലപ്പെടുത്തി വെട്ടിമാറ്റിയ തലയുമായി യുവാവ് പോലീസിൽ കീഴടങ്ങി. ഒഡീഷയിലെ ജെയ്പോരെ ജില്ലയിലെ ഛട്ടാറ ഗ്രാമത്തിലാണ് സംഭവം. കാർത്തിക് കെറായ് എന്ന 30 വയസ്സുകാരനാണ് 62 വയസ്സുകാരിയായ നന്ദിനി പുർത്തിയെ കോടാലി കൊണ്ട് വെട്ടിക്കൊന്നത്.

വയോധികയെ കൊലപ്പെടുത്തിയ ശേഷം വെട്ടിമാറ്റിയ തലയുമായാണ് ഒരു കിലോമീറ്റർ അകലെയുള്ള പോലീസ് ഔട്ട്പോസ്റ്റിൽ ഇയാൾ കീഴടങ്ങിയത്. കാർത്തിക്കിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും ചോദ്യംചെയ്തുവരികയാണെന്നും പോലീസ് പറഞ്ഞു.

അതേസമയം, കൊല്ലപ്പെട്ട വയോധിക മന്ത്രവാദവും നാട്ടുചികിത്സയും നടത്തുന്നയാളാണെന്നും ഇവർ ചികിത്സിച്ച കാർത്തിക്കിന്റെ ബന്ധു മരണപ്പെട്ടതാണ് കൊലപാതകത്തിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു.

രോഗിയായ ബന്ധുവും കാർത്തിക്കുമാണ് നന്ദിനിയുടെ അടുത്ത് ചികിത്സയ്ക്കായി പോയത്. തുടർന്ന് ഇവർ ചികിത്സിച്ച ശേഷം രോഗം ഉടൻ ഭേദമാകുമെന്ന ഉറപ്പുനൽകി ഇരുവരെയും തിരിച്ചയച്ചു. എന്നാൽ വീട്ടിലെത്തിയതിന് പിന്നാലെ ബന്ധുവായ യുവാവിന് രോഗം മൂർച്ഛിച്ചു. കട്ടക്കിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇതാണ് വയോധികയെ കൊലപ്പെടുത്താൻ കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

Content Highlights:man kills woman and surrendered in police with severed head