കൊല്‍ക്കത്ത: മാസ്‌ക് ധരിക്കാന്‍ വിസമ്മതിച്ച ഭിന്നശേഷിക്കാരനായ മകനെ പിതാവ് ശ്വാസംമുട്ടിച്ച് കൊന്നു. കൊല്‍ക്കത്ത ശ്യാംപുകൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന സിര്‍ഷേന്ദ് മാലിക്കാണ്(45) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിര്‍ഷേന്ദിന്റെ പിതാവ് ബാന്‍ഷിദര്‍ മാലിക്ക്(78) പോലീസില്‍ കീഴടങ്ങി. 

മകനെ കൊലപ്പെടുത്തിയ ശേഷം ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെ ബാന്‍ഷിദര്‍ പോലീസ് സ്‌റ്റേഷനിലെത്തി വിവരമറിയിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്. മകനുമായി തര്‍ക്കമുണ്ടാവുകയും പിന്നാലെ ഒരു തുണി ഉപയോഗിച്ച് മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നുമായിരുന്നു ബാന്‍ഷിദറിന്റെ മൊഴി. 

ഭിന്നശേഷിക്കാരനായ മകനും പിതാവും തമ്മില്‍ ഇടയ്ക്കിടെ വഴക്കിടാറുണ്ടെന്ന് പോലീസ് പറഞ്ഞു. ലോക്ക്ഡൗണ്‍ നിലനില്‍ക്കെയും മകന്‍ ഇടയ്ക്കിടെ വീടിന് പുറത്തുപോകാറുണ്ടായിരുന്നു. പുറത്തുപോകുമ്പോള്‍ മാസ്‌ക് ധരിക്കണമെന്ന് പിതാവ് നിരന്തരം ആവശ്യപ്പെട്ടിരുന്നെങ്കിലും മകന്‍ അനുസരിച്ചിരുന്നില്ല. ശനിയാഴ്ചയും ഇതുസംബന്ധിച്ച് വഴക്കുണ്ടാവുകയും തര്‍ക്കത്തിനിടെ പിതാവ് മകനെ തുണി ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയാണ് ചെയ്തതെന്നും പോലീസ് അറിയിച്ചു. 

Content Highlights: man kills son after he refuses to wear face mask