കോഴിക്കോട്: കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലാവുകയും ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവില്‍ പോവുകയും ചെയ്ത യുവാവ് പിടിയില്‍. കണ്ണൂര്‍ ഇരിട്ടി സ്വദേശി ചീരംവേലില്‍ അനീഷ് (32) ആണ് പിടിയിലായത്.

2017-ല്‍ കോഴിക്കോട് റെയില്‍വേ സ്റ്റേഷന് എതിര്‍വശത്തുള്ള റെയില്‍വേ കെട്ടിടത്തില്‍ വെച്ചായിരുന്നു കൊലപാതകം. അസ്മാബി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. റെയില്‍വേ ആര്‍.എം.എസിന് എതിര്‍വശത്തുള്ള പഴയ കെട്ടിടത്തിലെ മുറിയില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് ടൗണ്‍ പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. 

തുടരന്വേഷണത്തില്‍ മരണം കൊലപാതകം ആണെന്ന് മനസ്സിലാകുകയും കേസില്‍ പ്രതിയായ അനീഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ജാമ്യത്തില്‍ ഇറങ്ങിയ അനീഷ് ഒളിവില്‍ പോവുകയായിരുന്നു. 

വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരവേ എറണാകുളം ജില്ലയിലെ ഏലൂര്‍ ഫാക്ടിന് അടുത്തുള്ള ഹോട്ടലില്‍ പാചകക്കാരനായി അനീഷ് ജോലി ചെയ്യുന്നുണ്ടെന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീഹരി, എസ്. ഐ.മാരായ ബിജു ആന്റണി, അബ്ദുള്‍ സലിം, സീനിയര്‍ സി.പി.ഒ. സജേഷ് കുമാര്‍. സി.പി.ഒ.മാരായ വിജേഷ് യു.സി., അരുണ്‍, ശ്രീലിന്‍സ് എന്നിവരടങ്ങിയ സംഘമാണ്  പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 

content highlights: man kills girlfriend and goes underground after getting bail arrested