ബെംഗളൂരു: ഭാര്യയെ പ്ലൈവുഡ് കഷണം കൊണ്ട് അടിച്ചുകൊന്ന യുവാവ് അറസ്റ്റിൽ. ബെംഗളൂരു ബി.ടി.എം. ലേഔട്ടിൽ താമസിക്കുന്ന അജിത്തി(25)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ സാനിയ(20)യെ ക്രൂരമായി മർദിച്ചശേഷം അപസ്മാരം വന്ന് വീണ് പരിക്കേറ്റെന്നാണ് ഇയാൾ ആശുപത്രി അധികൃതരോടും ബന്ധുക്കളോടും പറഞ്ഞിരുന്നത്. സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരമറിയിച്ചതോടെ കൊലപാതകത്തിന്റെ ചുരുളഴിയുകയായിരുന്നു.

ജൂൺ 28-നായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ട് വർഷം മുമ്പാണ് അജിത്തും സാനിയയും വിവാഹിതരായത്. ഭാര്യയ്ക്ക് രഹസ്യബന്ധമുണ്ടെന്ന് യുവാവിന് സംശയമുണ്ടായിരുന്നു. ഭാര്യ ഇടയ്ക്കിടെ വീട്ടിൽനിന്ന് പുറത്തുപോകുന്നതാണ് സംശയത്തിനിടയാക്കിയത്.

സംഭവദിവസം ദമ്പതിമാർ ഒരുമിച്ച് മദ്യപിച്ചു. ഇതിനുപിന്നാലെ രഹസ്യബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് അജിത് ഭാര്യയുമായി വഴക്കിട്ടു. തർക്കത്തിനിടെ പ്ലൈവുഡ് കഷണം കൊണ്ട് ഭാര്യയെ ക്രൂരമായി മർദിച്ചു. തലയിലും മുതുകിലും കാലിലും അടിയേറ്റ യുവതി തളർന്നുവീണു. തുടർന്ന് പിറ്റേദിവസമാണ് യുവാവ് ഭാര്യയെ ആശുപത്രിയിൽ എത്തിച്ചത്. അപസ്മാരം വന്ന് ഭാര്യ തറയിൽവീണെന്നും അതാണ് പരിക്കേൽക്കാൻ കാരണമായതെന്നുമാണ് ഇയാൾ ഡോക്ടർമാരോട് പറഞ്ഞത്. എന്നാൽ യുവതിയുടെ പരിക്ക് കണ്ട് സംശയം തോന്നിയ ഡോക്ടർമാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ ചികിത്സയിലായിരുന്ന യുവതി മരിക്കുകയും ചെയ്തു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ടിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് വ്യക്തമായതോടെയാണ് യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റംസമ്മതിക്കുകയായിരുന്നു.

Content Highlights:man killed wife in bengaluru