കുണ്ടറ: ഭാര്യയെയും മൂന്നുമാസവും രണ്ടുവയസ്സും പ്രായമുള്ള കുട്ടികളെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ കേസിൽ മൺറോത്തുരുത്ത് പെരുങ്ങാലം എറോപ്പിൽ വീട്ടിൽ വൈ.എഡ്വേർഡിനെ (അജിത്-40) കുണ്ടറ പോലീസ് അറസ്റ്റുചെയ്തു. വർഷ (26), മക്കളായ അലൈൻ (രണ്ട്), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്.

കഴിഞ്ഞ 11-ന് വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. മൂന്നുപേരെയും വിഷം കുത്തിവെച്ചാണ് കൊലപ്പെടുത്തിയത്. വർഷയുടെ തലയ്ക്ക് അടിയേറ്റിരുന്നതായും പോലീസ് കണ്ടെത്തി. എഡ്വേർഡ് വിഷംകഴിച്ചെങ്കിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ചികിത്സയിൽ രക്ഷപ്പെട്ടു.

സംശയരോഗമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. മൂന്നാമത്തെ കുട്ടിയുടെ പ്രസവത്തിനുശേഷം വർഷ മുഖത്തലയിലെ അവരുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം രാവിലെ എഡ്വേർഡ് മുഖത്തലയിലെ വീട്ടിലെത്തി വർഷയെ കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടുവന്നു. മൂത്ത രണ്ടുകുട്ടികളെയും രണ്ടുദിവസംമുൻപ് കേരളപുരത്തേക്ക് കൊണ്ടുവന്നിരുന്നു.

വീട്ടിലെത്തിയശേഷം ഇരുവരും തമ്മിൽ വഴക്കുണ്ടായി. തലയ്ക്കുപിന്നിൽ വടികൊണ്ടുള്ള അടിയേറ്റ് വർഷ ബോധരഹിതയായി. തുടർന്നാണ് വിഷം കുത്തിവെച്ചതും എഡ്വേർഡ് വിഷംകഴിച്ചതും. വഴക്ക് നടക്കുന്നതായി അയൽക്കാർ അറിയിച്ചതനുസരിച്ച് വൈകീട്ട് അഞ്ചരയോടെ സ്ഥലത്തെത്തിയ ബന്ധുവാണ് വീട്ടിൽ അവശനിലയിൽ കുടുംബാംഗങ്ങളെ കണ്ടെത്തിയത്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ പ്രതിയെ ചൊവ്വാഴ്ച ഡിസ്ചാർജ് ചെയ്തയുടൻ കുണ്ടറ പോലീസ് അറസ്റ്റുചെയ്തു. മൂത്തകുട്ടിയോടുള്ള സ്നേഹക്കൂടുതൽകൊണ്ടാണ് ആ കുട്ടിയെ ഒഴിവാക്കിയതെന്ന് പ്രതി പോലീസിനോട് പറഞ്ഞു. വിദേശത്തുള്ള ജ്യേഷ്ഠനെ ഫോൺ ചെയ്തശേഷം മൂത്തമകളെ നോക്കിക്കൊള്ളണമെന്ന് എഡ്വേർഡ് ആവശ്യപ്പെട്ടതായും പറയുന്നു. കൂടുതൽ അന്വേഷണത്തിനായി പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.