രാജ്കോട്ട്(ഗുജറാത്ത്): ഭാര്യയെ കൊലപ്പെടുത്തി മൃതദേഹവുമായി യുവാവ് സ്കൂട്ടറിൽ സഞ്ചരിച്ചത് പത്ത് കിലോമീറ്ററിലേറെ ദൂരം. ഒടുവിൽ നടുങ്ങുന്ന കാഴ്ച കണ്ട് യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഗുജറാത്തിലെ റോഹിശാല ഗ്രാമത്തിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം.

സിന്ധി ക്യാമ്പ് കോളനിയിൽ താമസിക്കുന്ന വെരാവൽ സ്വദേശി അമിത് ഹേമനാനി(34)യാണ് ഭാര്യ നൈന(30)യെ കൊലപ്പെടുത്തി പട്ടാപ്പകൽ മൃതദേഹവുമായി സ്കൂട്ടറിൽ യാത്ര ചെയ്തത്. റോഹിശാലയ്ക്ക് സമീപത്തെ വനമേഖലയിൽ മൃതദേഹം ഉപേക്ഷിക്കാനായിരുന്നു അമിതിന്റെ പദ്ധതി. സ്കൂട്ടറിന്റെ പ്ലാറ്റ്ഫോമിലാണ് മൃതദേഹം കിടത്തിയിരുന്നത്. ഇതിനിടെ കാലുകൾ രണ്ടും റോഡിൽ ഉരസിയിരുന്നു. സ്കൂട്ടറിന്റെ മുൻവശത്ത് വിചിത്രമായ കാഴ്ച കണ്ട് നാട്ടുകാർ അമിത്തിനോട് വാഹനം നിർത്താൻ ആവശ്യപ്പെട്ടെങ്കിലും ഇയാൾ കൂട്ടാക്കിയില്ല. പിന്നാലെ അമിതവേഗത്തിൽ സ്കൂട്ടർ ഓടിച്ചുപോയ യുവാവിനെ നാട്ടുകാർ മറ്റു വാഹനങ്ങളിൽ പിന്തുടർന്ന് പിടികൂടുകയായിരുന്നു.

ഏകദേശം പത്ത് കിലോമീറ്ററോളം ദൂരം യുവാവ് മൃതദേഹവുമായി സ്കൂട്ടറിൽ സഞ്ചരിച്ചെന്ന് പോലീസ് പറഞ്ഞു. ദമ്പതിമാർ തമ്മിൽ വീട്ടിൽവെച്ച് വഴക്കുണ്ടായിരുന്നു. ഇതിനിടെയാണ് യുവാവ് ഭാര്യയെ കൊലപ്പെടുത്തിയത്. തുടർന്ന് റോഹിശാലയിലെ വനമേഖലയിൽ മൃതദേഹം ഉപേക്ഷിക്കാനായാണ് അമിത് മൃതദേഹവുമായി യാത്രതിരിച്ചതെന്നും കോവിഡ് പരിശോധന പൂർത്തിയായാൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണെന്നും കുടുംബാംഗങ്ങളിൽനിന്നടക്കം മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് പറഞ്ഞു. സ്വകാര്യ ഗ്യാസ് ഏജൻസിയിൽ ജോലിചെയ്യുന്ന അമിതും നൈനയും ഒരു വർഷം മുമ്പാണ് വിവാഹിതരായത്.

Content Highlights:man killed wife and drove scooter with dead body