സിങ്കപ്പൂര്‍ സിറ്റി: ഗര്‍ഭിണിയായ ഭാര്യയെയും മകളെയും കൊലപ്പെടുത്തി ഒരാഴ്ചയോളം മൃതദേഹങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയ 45-കാരന് വധശിക്ഷ. ടിയോ ഗിം ഹേങ്ങ് എന്നയാള്‍ക്കാണ് സിങ്കപ്പൂരിലെ കോടതി വധശിക്ഷ വിധിച്ചത്. ഭാര്യ ച്യൂങ് പേയ് ഷാന്‍(39) നാല് വയസ്സുള്ള മകള്‍ സി നാങ് എന്നിവരെയാണ് ടിയോ അതിക്രൂരമായി കൊലപ്പെടുത്തിയത്. 

കൊല്ലപ്പെടുമ്പോള്‍ പേയ് ഷാന്‍ ആറ് മാസം ഗര്‍ഭിണിയായിരുന്നു. ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സാമ്പത്തികബാധ്യതകളും ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഭാര്യയുമായി വഴക്കുണ്ടായതിന് പിന്നാലെ ടിയോ തുണി ഉപയോഗിച്ച് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മകളെയും സമാനരീതിയില്‍ കൊലപ്പെടുത്തി. ശേഷം ഇരുവരുടെയും മൃതദേഹങ്ങള്‍ കിടക്കയില്‍ കിടത്തി. ഏഴ് ദിവസമാണ് ഇയാള്‍ മൃതദേഹങ്ങള്‍ക്കൊപ്പം കിടന്നുറങ്ങിയത്. 

ഓരോദിവസവും ടിയോ ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. ഒരു തവണ മൃതദേഹങ്ങള്‍ക്കൊപ്പം കിടന്ന് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചെങ്കിലും പൊള്ളലേറ്റതോടെ പിന്മാറി. ഏഴ് ദിവസങ്ങള്‍ക്ക് ശേഷം പേയ് ഷാന്റെ സഹോദരന്‍ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തുകയും ടിയോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

Content Highlights: man killed wife and daughter in singapore gets death sentence