മേരിലാന്‍ഡ്(യു.എസ്.എ): കോവിഡ് വാക്സിന്‍ വിഷമാണെന്നും അത് ആളുകളെ കൊല്ലുന്നുവെന്നും ആരോപിച്ച് ഫാര്‍മസിസ്റ്റായ സഹോദരനടക്കം കുടുംബത്തിലെ മൂന്നുപേരെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചു. ജഫ്രി അലന്‍ ബല്‍ഹാം (46) എന്നയാള്‍ക്കെതിരേയാണ് മേരിലാന്‍ഡ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഫാര്‍മസിസ്റ്റായ സഹോദരന്‍ ബ്രയാന്‍ റോബിനെറ്റ (58) ഇദ്ദേഹത്തിന്റെ ഭാര്യ കെല്ലി സു റോബിനെറ്റ (57) കുടുബാംഗമായ ബൈക്ക് റെയ്‌നോള്‍ഡ്(83) എന്നിവരെയാണ് ജഫ്രി വെടിവെച്ച് കൊലപ്പടുത്തിയത്.  

ഫാര്‍മസിസ്റ്റിന്റെയും ഭാര്യയുടെയും മൃതദേഹം കെര്‍ഗര്‍ റോഡിലുള്ള അവരുടെ വസതിയിലും 83 വയസുകാരന്റെ മൃതദേഹം ഇവിടെനിന്ന്‌ 400 മീറ്റല്‍ അകലെയായുമാണ് കണ്ടെത്തിയത്.

സെപ്റ്റംബര്‍ 30-നായിരുന്നു സംഭവം. ഫാര്‍മസിസ്റ്റ് എന്ന നിലയില്‍ സഹോദരന്‍ മറ്റുള്ളവര്‍ക്ക് നല്‍കുന്ന കോവിഡ് വാക്സിന്‍ കൂടുതല്‍ ആളുകളെ കൊലപ്പെടുത്തുമെന്നും അത് മാരകവിഷമാണെന്നുമായിരുന്നു ജഫ്രിയുടെ വാദം. ബ്രയാനും ജഫ്രിയും തമ്മില്‍ ഇതേച്ചൊലി തര്‍ക്കം ഉണ്ടാവുകയും അതിനെത്തുടര്‍ന്ന് കൊലപാതകം നടന്നെന്നുമാണ് ഇവരുടെ അമ്മ പറയുന്നത്. സംഭവത്തിനുശേഷം വീട്ടില്‍നിന്നും രക്ഷപ്പെട്ട പ്രതിയെ ഒക്ടോബര്‍ ഒന്നാം തീയതിയാണ് വെസ്റ്റ് വെര്‍ജീനിയയില്‍നിന്ന് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്‌. ഇയാളെ നവംബര്‍ അഞ്ചിന് വീണ്ടും കോടതിയില്‍ ഹാജരാക്കും. 

വാര്‍ത്തയും ഫോട്ടോയും : പി.പി.ചെറിയാന്‍