പാലക്കാട്:  മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മകനുമായി പോലീസ് തെളിവെടുപ്പ് നടത്തി. റിട്ട. ആര്‍.എം.എസ് ജീവനക്കാരന്‍ ചന്ദ്രന്‍, ഭാര്യ ദേവി എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് മകന്‍ സനലിനെ റെയില്‍വേ കോളനിക്ക് സമീപത്തെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടത്തിയ രീതിയും അതിനുശേഷം രക്ഷപ്പെട്ടതുമെല്ലാം പ്രതി പോലീസിനോട് വിവരിച്ചു. മാതാപിതാക്കളെ വെട്ടിനുറുക്കി കൊന്നിട്ടും യാതൊരു കൂസലുമില്ലാതെയാണ് പ്രതി പോലീസിനോട് കാര്യങ്ങള്‍ വിവരിച്ചത്. 

തിങ്കളാഴ്ചയാണ് ചന്ദ്രനെയും ഭാര്യ ദേവിയെയും വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. അന്നേദിവസം വീട്ടിലുണ്ടായിരുന്ന മകന്‍ സനലിനെ കാണാതാവുകയും ചെയ്തിരുന്നു. പിന്നീട് സനലിനെ സഹോദരനെകൊണ്ട് വിളിച്ചുവരുത്തിച്ച ശേഷമാണ് പോലീസ് കസ്റ്റഡയിലെടുത്തത്. ചോദ്യംചെയ്യലില്‍ അച്ഛനെയും അമ്മയെയും വെട്ടിക്കൊന്നത് താനാണെന്ന് സനല്‍ സമ്മതിച്ചു. 

അമ്മയെയാണ് ആദ്യം കൊലപ്പെടുത്തിയതെന്നാണ് സനലിന്റെ മൊഴി. സ്വീകരണമുറിയില്‍ സോഫയിലിരിക്കുകയായിരുന്ന അമ്മ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ കയര്‍ത്തുസംസാരിച്ചു. പിന്നാലെ അടുക്കള ഭാഗത്തേക്ക് പോയി കൊടുവാളും അരിവാളും കൈയിലെടുത്ത് വന്ന് അമ്മയെ വെട്ടിവീഴ്ത്തിയെന്നാണ് പ്രതിയുടെ മൊഴി. 33 തവണ അമ്മയ്ക്ക് വെട്ടേറ്റിട്ടുണ്ടെന്ന് പോലീസും പറഞ്ഞു. 

ഇതിനുശേഷമാണ് കിടപ്പിലായിരുന്ന അച്ഛനെ വെട്ടിക്കൊന്നത്. അമ്മയുടെ ശബ്ദം കേട്ട് അച്ഛന്‍ കാര്യം തിരക്കിയപ്പോള്‍ കിടപ്പുമുറിയിലെത്തി അച്ഛനെയും വെട്ടുകയായിരുന്നു. ശേഷം ഇരുവരുടെയും മരണം ഉറപ്പിക്കാനായി മുറിവുകളില്‍ കീടനാശിനി ഒഴിച്ചു. അമ്മയുടെ ശരീരത്തില്‍ സിറിഞ്ച് ഉപയോഗിച്ച് കീടനാശിനി കുത്തിവെയ്ക്കാനും ശ്രമിച്ചു. എന്നാല്‍ ചോരയില്‍ വഴുതിവീണ് കൈയിലുണ്ടായിരുന്ന സിറിഞ്ച് ഒടിഞ്ഞ് പോയെന്നും ഇതോടെ കീടനാശിനി കുത്തിവെയ്ക്കാനുള്ള ശ്രമം ഉപേക്ഷിച്ചെന്നും പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം അച്ഛന്‍ കിടന്നിരുന്ന മുറിയിലെ കുളിമുറിയില്‍ കുളിച്ച് വൃത്തിയായ ശേഷമാണ് വീട്ടില്‍നിന്ന് രക്ഷപ്പെട്ടത്. 

തെളിവെടുപ്പിനിടെ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളെല്ലാം പ്രതി പോലീസിന് കാണിച്ചുനല്‍കി. സംഭവസമയത്ത് ധരിച്ചിരുന്ന വസ്ത്രം വിറകുപുരയില്‍നിന്നും കണ്ടെടുത്തു. കീടനാശിനി കുപ്പി വീട്ടിനുള്ളില്‍ ഒളിപ്പിച്ചനിലയിലായിരുന്നു. അതും പ്രതി തന്നെ പോലീസിന് കണ്ടെടുത്തുനല്‍കി. ഈ കീടനാശിനി സനല്‍ നേരത്തെ മൈസൂരുവില്‍നിന്ന് കൊണ്ടുവന്നതായിരുന്നു. 

അതേസമയം, കൊലപാതകത്തിനുള്ള കാരണം സംബന്ധിച്ച് ഇപ്പോഴും വ്യക്തതയില്ലെന്നാണ് പോലീസ് സംഘം പറയുന്നത്. അമ്മ കയര്‍ത്തുസംസാരിച്ചതാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രതിയുടെ മൊഴി. മാത്രമല്ല, വീട്ടിലുള്ള എല്ലാവര്‍ക്കും തന്നെ സംശയമാണെന്നും പ്രതി പറഞ്ഞിരുന്നു. എന്നാല്‍ കൊലയ്ക്ക് പിന്നില്‍ മറ്റെന്തോ കാരണമുണ്ടെന്നാണ് പോലീസിന്റെ സംശയം. ഇയാള്‍ മാരകമായ മയക്കുമരുന്നുകള്‍ ഉപയോഗിച്ചിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയെ വിശദമായി ചോദ്യംചെയ്യുന്നതോടെ ഇത് കണ്ടെത്താനാകുമെന്നും പോലീസ് കരുതുന്നു. 

ക്രിയകള്‍ ചെയ്യണം, സഹോദരനെക്കൊണ്ട് വിളിച്ചുവരുത്തിച്ച് പോലീസ്... 

പാലക്കാട്: മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം ബെംഗളൂരു ലക്ഷ്യമാക്കി കടന്ന സനലിനെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് പോലീസ് വലയിലാക്കിയത്. സഹോദരന്‍ സുനിലിനെക്കൊണ്ട് ഫോണിലൂടെ സനലിനെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. വീട്ടില്‍ മോഷണം നടന്നെന്നും മോഷണശ്രമത്തിനിടെ അച്ഛനും അമ്മയും കൊല്ലപ്പെട്ടെന്നുമായിരുന്നു സുനില്‍ അറിയിച്ചത്. ആരാണ് മോഷണം നടത്തിയതെന്ന് അറിഞ്ഞിട്ടില്ല. മാതാപിതാക്കളുടെ സംസ്‌കാരച്ചടങ്ങുകളും ക്രിയകളും നടത്തേണ്ടതിനാല്‍, എത്രയും വേഗം വീട്ടിലെത്തണമെന്നും സുനില്‍ ആവശ്യപ്പെട്ടു.

മോഷണശ്രമത്തിനിടെ കൊല നടന്നെന്നാണ് വീട്ടുകാര്‍ കരുതിയിരിക്കുന്നതെന്ന് വിശ്വസിച്ച സനല്‍, സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തിയോയെന്ന് ചോദിച്ചു. പോലീസ് വന്നിരുന്നെന്ന് പറഞ്ഞപ്പോള്‍ മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചിട്ടുണ്ടോയെന്നായിരുന്നു മറ്റൊരു ചോദ്യം.

ഇല്ലെന്ന് സഹോദരന്‍ അറിയിച്ചതോടെയാണ് മൈസൂരുവില്‍നിന്ന് വീട്ടിലേക്ക് വരാന്‍ സനല്‍ തീരുമാനിച്ചത്. തീവണ്ടികയറി വീട്ടിലെത്തിയ സനല്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് മടങ്ങാനിരുന്നതായിരുന്നു.

ഇതുകണ്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. അടുത്തുള്ള മുരളി ജങ്ഷനിലേക്ക് വരാന്‍ സഹോദരന്‍ പറഞ്ഞു. തുടര്‍ന്ന്, ഇവിടെനിന്ന് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.

Content Highlights: man killed parents in palakkad palakkad couple murder case