തൃശ്ശൂര്‍: കാമുകിയെ കൊന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ ജാമ്യമെടുത്ത് മുങ്ങിയ പ്രതി പിടിയില്‍. തമിഴ്നാട് ശിവഗംഗ പരമകുടി തുകവൂര്‍ ഇളയംകുടിയില്‍ വേല്‍മുരുകനാണ് (56) അറസ്റ്റിലായത്. 2008 നവംബര്‍ 24-നായിരുന്നു സംഭവം. 

മൂവാറ്റുപുഴ പായിപ്ര സ്വദേശി അമ്മിണിയെ തൃശ്ശൂരിലെ ലോഡ്ജില്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി ആഭരണങ്ങള്‍ കവര്‍ന്ന് തമിഴ്നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. അറസ്റ്റിലായ പ്രതി ജാമ്യമെടുത്ത് ഒളിവില്‍ പോയി. 

25 വര്‍ഷങ്ങള്‍ക്കുമുന്‍പ് ഭാര്യയെ ഉപേക്ഷിച്ച് കേരളത്തിലെത്തിയ ഇയാള്‍ കല്‍പ്പണി ചെയ്തിരുന്ന സമയത്താണ് കൂടെ ജോലിചെയ്തിരുന്ന അമ്മിണിയുമായി പരിചയപ്പെടുന്നത്. ഒരുമിച്ചു താമസിക്കുന്നതിനായി 2008-ല്‍ തമിഴ്നാട്ടിലേക്ക് പോയി. നാലുമാസമാകുമ്പോഴേക്കും അമ്മിണിയുമായുള്ള പ്രശ്നങ്ങളെത്തുടര്‍ന്ന് വീണ്ടും കേരളത്തിലെത്തി. അമ്മിണിയെ ഒഴിവാക്കാനായി തൃശ്ശൂരില്‍ ലോഡ്ജില്‍ മുറിയെടുത്ത് കൊലപ്പെടുത്തുകയായിരുന്നു. എറണാകുളം വാഴക്കാലയില്‍നിന്നാണ് പ്രതിയെ തൃശ്ശൂര്‍ ഈസ്റ്റ് എസ്.എച്ച്.ഒ. ലാല്‍കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.