തിരുവനന്തപുരം: നഗരത്തില്‍ വീണ്ടും ഗുണ്ടാ ആക്രമണം. ക്രിമിനല്‍ക്കേസിലെ പ്രതികള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ബാര്‍ട്ടണ്‍ഹില്ലില്‍ യുവാവ് വെട്ടേറ്റു മരിച്ചു. ഗുണ്ടുകാട് സ്വദേശി അനില്‍കുമാര്‍ (40) ആണ് മരിച്ചത്. ബാര്‍ട്ടണ്‍ഹില്ലില്‍നിന്ന് ഗുണ്ടുകാട് ഭാഗത്തേക്കുള്ള വഴിയില്‍ ഇയാള്‍ വെട്ടേറ്റ് കിടക്കുകയായിരുന്നു. ഞായറാഴ്ച രാത്രി പതിനൊന്നിനാണ് ഗുരുതരമായി പരിക്കേറ്റനിലയില്‍ അനിലിനെ കണ്ടത്. ശരീരമാസകലം വെട്ടേറ്റിരുന്നു. രക്തംവാര്‍ന്നുകിടന്ന ഇയാളെ അരമണിക്കൂറിനുശേഷമാണ് സുഹൃത്തുക്കള്‍ കണ്ടെത്തിയത്. അപ്പോഴേക്കും മൃതപ്രായനായിരുന്നു. കോളനിക്കുള്ളില്‍വെച്ചാണ് വെട്ടേറ്റിട്ടുള്ളതെന്ന് പോലീസ് പറഞ്ഞു.

അനില്‍ ആക്രമണത്തിന് ഇരയായ സ്ഥലത്തിനുസമീപം വീടുകളുണ്ട്. എന്നാല്‍, ഇയാളെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതായി പോലീസ് പറഞ്ഞു. 

സുഹൃത്തുക്കള്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അനില്‍ നിരവധി ക്രമിനല്‍ക്കേസുകളില്‍ പ്രതിയാണ്. ഇപ്പോള്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ്. മറ്റൊരു ക്രമിനല്‍ക്കേസിലെ പ്രതി ജീവനാണ് ഇയാളെ വെട്ടിയതെന്ന് പോലീസ് സംശയിക്കുന്നു. ഇയാള്‍ ഒളിവിലാണ്. ഇരുവരും തമ്മില്‍ ശത്രുതയുണ്ടായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. പ്രതിക്കുവേണ്ടി തിരച്ചില്‍ ആരംഭിച്ചു.

പ്രതി ജീവനെ അടുത്തിടെ മറ്റൊരുകേസില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുറത്തിറങ്ങിയശേഷം ഇതുമായി ബന്ധപ്പെട്ട് മരിച്ച അനിലുമായി ശത്രുതയുണ്ടായിരുന്നതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇരുവര്‍ക്കും മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവയുടെ വിപണവുമായി ബന്ധമുണ്ടായിരുന്നതായും പോലീസ് പറയുന്നു.
content Highlight: man killed in trivandrum