കൊട്ടിയം : ഇരവിപുരം താന്നിയില്‍ വീട്ടില്‍ക്കയറി ഗൃഹനാഥനെ മര്‍ദിച്ചുകൊന്ന കേസില്‍ നാലുപേരെ അറസ്റ്റ് ചെയ്തു. ഒളിവില്‍ കഴിയുന്ന രണ്ടുപേര്‍ക്കായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തി.

ഇരവിപുരം വള്ളക്കടവ് സുനാമി ഫ്‌ലാറ്റ്-നാല്, വീട്ടുനമ്പര്‍ എട്ടില്‍ സുനില്‍ (32), താന്നി കാരിത്താസ് ഗാര്‍ഡനില്‍ നെല്‍സന്‍ വില്ലയില്‍ വിപിന്‍ (അച്ചു-27), ജെയ്‌സന്‍ (അപ്പു-29), താന്നി ഫിഷര്‍മെന്‍ കോളനിയില്‍ റെനില്‍ (25) എന്നിവരാണ് അറസ്റ്റിലായത്.ഒരാഴ്ചയായി തുടരുന്ന തര്‍ക്കങ്ങളാണ് വീടുകയറിയുള്ള ആക്രമണത്തിലും കൊലപാതകത്തിലും കലാശിച്ചത്.

താന്നി ആദിച്ചമണ്‍ തോപ്പിനടുത്ത് ഫിഷര്‍മെന്‍ കോളനിയില്‍ രാജുഭവനില്‍ രാജു(48)വാണ് മര്‍ദനമേറ്റു മരിച്ചത്. ഞായറാഴ്ച വൈകീട്ട് ആറുമണിയോടെയാണ് രാജുവിന്റെ ബന്ധുക്കളായ ആറു യുവാക്കള്‍ സംഘടിച്ചെത്തി ആക്രമണം നടത്തിയത്. ആന്തരികമായുണ്ടായ ഗുരുതര പരിക്കുകളാണ് മരണകാരണം.

ലോറിയില്‍ വരുന്ന മത്സ്യം ചെറുകിട കച്ചവടക്കാര്‍ക്ക് വില്‍പ്പന നടത്തുന്ന രാജുവിന്റെ പക്കല്‍നിന്ന് ഇവരും മത്സ്യം വാങ്ങാറുണ്ടായിരുന്നു. മത്സ്യം കൊണ്ടുപോയ പെട്ടി മാറ്റിനല്‍കിയതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പലപ്പോഴും ഇവര്‍ രാജുവിനെ കൈയേറ്റം ചെയ്തിരുന്നു. ഞായറാഴ്ചയും ഇവര്‍ സംഘടിച്ച് രാജുവിന്റെ വീട്ടിലെത്തി. രാജുവിന്റെ പെണ്‍മക്കളുമായി വാക്കേറ്റമുണ്ടാകുകയും അവരെ മര്‍ദിക്കുകയും ചെയ്തു. ഓടിയെത്തിയ രാജുവിനെ അടിച്ചുവീഴ്ത്തിയശേഷം ചവിട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. അബോധാവസ്ഥയിലായിട്ടും മര്‍ദനം തുടര്‍ന്നു. രാജുവിന്റെ ഭാര്യക്കും മര്‍ദനമേറ്റു. ചലനമറ്റു കിടന്ന രാജുവിനെ ഉപേക്ഷിച്ച് സംഘം മടങ്ങിയതിനുശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാനായത്.

സ്വകാര്യ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏറെക്കഴിയുംമുന്‍പേ മരണം സംഭവിച്ചു.

ആക്രമണത്തിനുശേഷം അക്രമികളും വീട്ടുകാരും ഒളിവില്‍ പോയി. പോലീസ് നടത്തിയ ഊര്‍ജിതമായ അന്വേഷണമാണ് 24 മണിക്കൂറിനുള്ളില്‍ അക്രമികളെ പിടികൂടാന്‍ സഹായിച്ചത്. കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ ടി.നാരായണന്റെയും അസി. കമ്മിഷണര്‍ സോണി ഉമ്മന്‍ കോശിയുടെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘങ്ങള്‍ രൂപവത്കരിച്ചു.

സിറ്റി സൈബര്‍ സെല്ലിന്റെ സഹായത്തോടെയായിരുന്നു അന്വേഷണം. ഇരവിപുരം ഇന്‍സ്‌പെക്ടര്‍ വി.വി.അനില്‍കുമാര്‍, എസ്.ഐ. അരുണ്‍ ഷാ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.