തൃശ്ശൂര്‍: വയോധികരായ മാതാപിതാക്കളെ മകന്‍ അടിച്ചുകൊന്നു. തൃശ്ശൂര്‍ അവിണിശ്ശേരി ഏഴുകമ്പനി കറുത്തേടത്ത് രാമകൃഷ്ണന്‍ (75), ഭാര്യ തങ്കമണി (70) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. 

ചൊവ്വാഴ്ച രാത്രി ഏഴോടെയായിരുന്നു ദാരുണമായ കൊലപാതകം. മദ്യപിച്ചെത്തിയ പ്രദീപ് കമ്പിപ്പാര ഉപയോഗിച്ചാണ് മാതാപിതാക്കളെ ആക്രമിച്ചത്. രാമകൃഷ്ണന് തലയ്ക്കാണ് അടിയേറ്റത്. തങ്കമണിക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. 

ഇരുവരെയും ഉടന്‍തന്നെ നാട്ടുകാര്‍ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ രാത്രി പത്തോടെ രാമകൃഷ്ണന്‍ മരിച്ചു. ബുധനാഴ്ച രാവിലെ തങ്കമണിയും മരണത്തിന് കീഴടങ്ങി. 

സ്വത്തുസംബന്ധിച്ച തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സംശയമുണ്ട്. പ്രദീപ് മദ്യത്തിന് അടിമയാണെന്നറിയുന്നു. മദ്യപിച്ച് ഉപദ്രവം പതിവായതിനാല്‍ പ്രദീപിന്റെ ഭാര്യയും മക്കളും സ്വന്തംവീട്ടിലാണ് താമസം. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി വീട് സീല്‍ ചെയ്തിരിക്കുകയാണ്.

Content Highlights: man killed his parents in thrissur