ആഗ്ര: കടംവാങ്ങിയ 50 രൂപ തിരികെ നല്‍കാതിരുന്ന സുഹൃത്തിനെ യുവാവ് കഴുത്തുഞെരിച്ച് കൊന്നു. ഫിറോസാബാദിലെ ബരോലി സ്വദേശിയായ ബ്രഹ്മാനന്ദാണ്(40) സുഹൃത്തായ വിജയ്പാലിനെ(30) കൊലപ്പെടുത്തിയത്. ഫെബ്രുവരി 22-നായിരുന്നു സംഭവം. കൃത്യം നടത്തിയ ശേഷം ഒളിവില്‍പോയ ബ്രഹ്മാനന്ദിനെ കഴിഞ്ഞദിവസം പോലീസ് പിടികൂടി. 

നിര്‍മാണ തൊഴിലാളികളായ വിജയ്പാലും ബ്രഹ്മാനന്ദും അയല്‍ക്കാരും സുഹൃത്തുക്കളുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫെബ്രുവരി 22-ന് വൈകിട്ട് ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ചു. ഇതിനിടെയാണ് നേരത്തെ കടം വാങ്ങിയ 50 രൂപ വിജയ്പാല്‍ തിരികെ നല്‍കാത്തതിനെച്ചൊല്ലി ഇരുവരും തമ്മില്‍ വഴക്കുണ്ടായത്. തര്‍ക്കത്തിനൊടുവില്‍ ബ്രഹ്മാനന്ദ് സുഹൃത്തിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

സംഭവത്തിന് ശേഷം ഒളിവില്‍പോയ പ്രതിയെ കഴിഞ്ഞദിവസം പ്രതാപുര ക്രോസിങ്ങില്‍നിന്നാണ് പോലീസ് പിടികൂടിയത്. അതേസമയം, കൊലപാതകത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്ന് സംശയമുണ്ടെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. 

Content Highlights: man killed friend for not returning 50 rupees