ഹൈദരാബാദ്: സര്‍ക്കാര്‍ ജോലിക്കായി സര്‍വീസിലുള്ള അച്ഛനെ മകന്‍ കൊലപ്പെടുത്തി. അമ്മയുടെയും സഹോദരന്റെയും സമ്മതത്തോടെയായിരുന്നു കൊലപാതകം. തെലങ്കാനയിലെ കോതൂര്‍ ഗ്രാമത്തിലാണ് സംഭവം. 

മെയ് 26 ന് രാത്രി ഉറങ്ങുന്നതിനിടെയാണ് 25 കാരനായ മകന്‍ 55 വയസ്സുകാരനായ അച്ഛനെ കൊലപ്പെടുത്തിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് മരണം സംഭവിച്ചെന്നാണ് കുടുംബാംഗങ്ങള്‍ ബന്ധുക്കളോട് പറഞ്ഞത്. എന്നാല്‍ മരണത്തില്‍ സംശയം തോന്നിയ ചിലര്‍ പോലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടം നടത്തുകയും ശ്വാസംമുട്ടിയാണ് മരണം സംഭവിച്ചതെന്നും കണ്ടെത്തി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

ആശ്രിത നിയമനത്തിലൂടെ ജോലി നേടാനാണ് സര്‍ക്കാര്‍ സര്‍വീസില്‍ പമ്പ് ഓപ്പറേറ്ററായി ജോലിചെയ്യുന്ന അച്ഛനെ കൊലപ്പെടുത്തിയതെന്ന് മൂത്ത മകനായ 25 കാരന്‍ പോലീസിനോട് സമ്മതിച്ചു. ഉറങ്ങുന്നതിനിടെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. പോളി ഡിപ്ലോമക്കാരനായ മൂത്ത മകന് സര്‍ക്കാര്‍ ജോലി ലഭിക്കാനായി അമ്മയും സഹോദരനും ഇതിന് സമ്മതംമൂളി. ഇവരുടെ അനുവാദത്തോടെയാണ് അച്ഛനെ കൊന്നതെന്നും ഇയാള്‍ സമ്മതിച്ചു. 

സംഭവത്തില്‍ മുഖ്യപ്രതിയായ 25 കാരനെയും ഇളയ സഹോദരനെയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇവരുടെ അമ്മ ഒളിവിലാണ്. 

Content Highlights: man killed father to secure government job in telangana