ലഖ്‌നൗ: യുവാവിനെ ഭാര്യയും അയല്‍ക്കാരനായ കാമുകനും ചേര്‍ന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശ് സഹാറാന്‍പുര്‍ ജില്ലയിലെ ഹൗസ്‌ഖേരി സ്വദേശി റിഷിപാല്‍(32) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ റിഷിപാലിന്റെ ഭാര്യ പൂനം, കാമുകന്‍ അങ്കൂര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പൂനവും അങ്കൂറും തമ്മിലുള്ള രഹസ്യബന്ധത്തെ റിഷിപാല്‍ എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. 10 വര്‍ഷം മുമ്പാണ് റിഷിപാലും പൂനവും വിവാഹിതരായത്. അടുത്തിടെ പൂനവും അയല്‍ക്കാരനായ അങ്കൂറും തമ്മില്‍ അടുപ്പത്തിലായി. ഇക്കാര്യമറിഞ്ഞ റിഷിപാല്‍ ഈ ബന്ധത്തെ എതിര്‍ക്കുകയും പിന്മാറണമെന്ന് ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെയാണ് ഭര്‍ത്താവിനെ ഇല്ലാതാക്കാന്‍ പൂനവും കാമുകനും ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്തത്.
കഴിഞ്ഞദിവസം രാത്രി കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയ പൂനം, ഉറങ്ങുകയായിരുന്ന റിഷിപാലിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയശേഷം ഇരുവരും മൃതദേഹം ഉപേക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സമീപത്ത് താമസിക്കുന്ന റിഷിപാലിന്റെ സഹോദരന്‍ ഇവരെ പിടികൂടി. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയും രണ്ടുപേരെയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
Content Highlights: man killed by wife and her lover in uttarpradesh