മംഗളൂരു: കുന്താപുരയില്‍ കഴിഞ്ഞദിവസം യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം ഭാര്യ നടത്തിയ ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞു. ഭാര്യയുള്‍പ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ചൊവ്വാഴ്ച രാവിലെയാണ് അമ്പുര മൂഡുബാഗ് വിവേക് നഗറിലെ നാഗരാജനെ (36) വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. നാഗരാജന്റെ ഭാര്യ മമത, സുഹൃത്തുക്കളായ ദിനകര്‍, കുമാര്‍, മറ്റു രണ്ടു കുട്ടികള്‍ എന്നിവരെയാണ് അറസ്റ്റുചെയ്തത്.

വീട്ടിലെത്തിയ പോലീസുകാരോട്, ചൊവ്വാഴ്ച രാവിലെ നാഗരാജനെ വീട്ടുമുറിയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് ഭാര്യ മമത മൊഴിനല്‍കിയിരുന്നു. അമിതമദ്യപാനത്താല്‍ ഇയാള്‍ വിഷാദരോഗിയായി മാറിയതായും ഇവര്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ നാഗരാജയുടെ സഹോദരിക്ക് മരണത്തില്‍ സംശയം തോന്നുകയും ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിക്കാതെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയുമായിരുന്നു. മൃതദേഹത്തില്‍ കണ്ട പാടുകളും സംശയമുണ്ടാക്കി.

ഇതോടെ സഹോദരി കുന്താപുര പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞയാഴ്ച നാഗരാജ് തന്നെ ഫോണില്‍ വിളിച്ച് ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് ഭീഷണിപ്പെടുത്തുന്നതായി പറഞ്ഞെന്നും സഹോദരി പോലീസിന് മൊഴിനല്‍കി. ഇതോടെ പോലീസ് മമതയെ വിശദമായി ചോദ്യം ചെയ്യുകയും കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു. മമതയുടെ രഹസ്യബന്ധമാണ് ഭര്‍ത്താവിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. ശിവമോഗ സ്വദേശിയായ നാഗരാജ് 10 വര്‍ഷം മുന്‍പാണ് മമതയെ പ്രണയിച്ച് വിവാഹം കഴിച്ചത്. ഇവര്‍ക്ക് മൂന്ന് മക്കളുണ്ട്.