ചെങ്ങമനാട്: പാറക്കടവ് പൂവത്തുശ്ശേരി ഐനിക്കത്താഴം പട്ടത്ത് വീട്ടില്‍ മനോഹരന്റെ (65) മരണം കൊലപാതകമെന്ന് പോലീസ് സ്ഥിരീകരിച്ചു.

ശനിയാഴ്ച കളമശ്ശേരി മെഡിക്കല്‍ കോളജില്‍ നടന്ന പോസ്റ്റുമോര്‍ട്ടത്തില്‍ ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ ഗുരുതരമായ പരിക്കാണ് മരണ കാരണമായതെന്ന് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ മഹേഷിനെ (കണ്ണന്‍ 34) ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യപിച്ചെത്തിയ മനോഹരനും മഹേഷും തമ്മില്‍ വ്യാഴാഴ്ച രാത്രിയില്‍ ഒച്ചപ്പാടും ബഹളവും വഴക്കുമുണ്ടായി. ഇതിനിടെ മനോഹരന്‍ കുറേനേരം അയല്‍വാസിയുടെ വീട്ടില്‍ പോയിരുന്നു. പാതിരയോടെ മനോഹരന്‍ തിരികെ വീട്ടിലെത്തിയപ്പോള്‍ വീണ്ടും ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം അക്രമത്തില്‍ കലാശിക്കുകയായിരുന്നു.

ഇതിനിടെ മഹേഷ് പലപ്രാവശ്യം മനോഹരനെ ചവിട്ടിയതായി പൊലീസ് പറഞ്ഞു. വാരിയെല്ല് ഒടിഞ്ഞ് ശ്വാസകോശത്തിന് ഗുരുതരമായി പരിക്കേറ്റു. ആന്തരിക രക്തസ്രാവം ഉണ്ടായി. മനോഹരനെ വാക്കത്തി ഉപയോഗിച്ച് വെട്ടിയതിന്റെ പാടുകളുമുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

മനോഹരന്റെ ശവസംസ്‌കാരം ശനിയാഴ്ച വീട്ടുവളപ്പില്‍ നടത്തി. മഹേഷ് ഗള്‍ഫില്‍ നിന്ന് ലീവില്‍ നാട്ടിലെത്തിയതാണ്. വിവാഹബന്ധം വേര്‍പിരിഞ്ഞ മഹേഷ്, മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്.

Content Highlights: man killed by son in eranakulam