വണ്ടൂര്‍: സ്ഥലം വീതംവെക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ യുവാവ് കുത്തേറ്റുമരിച്ചു. പഴയ വാണിയമ്പലം കൂറ്റഞ്ചേരി വിജേഷ് (37) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് നാലുമണിയോടെയായിരുന്നു സംഭവം.

വിജേഷിന്റെ അമ്മാവന്റെ മകനും പ്രതിയുമായ ഓമാനി മനോജ് സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പഴയ വാണിയമ്പലത്തുള്ള മനോജിന്റെ അച്ഛന്റെ തറവാട്ടുസ്ഥലം വീതംവെക്കുന്നതു സംബന്ധിച്ച് ശനിയാഴ്ച രാവിലെ കുടുംബാംഗങ്ങള്‍ ചര്‍ച്ചനടത്തി ഒത്തുതീര്‍പ്പിലെത്തിയിരുന്നു. പിന്നീട് വൈകുന്നേരം വീണ്ടും ഇതേക്കുറിച്ച് വാക്കേറ്റമുണ്ടാകുകയും മനോജ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് വിജേഷിന്റെ വയറിന് കുത്തുകയുമായിരുന്നുവെന്ന് പറയുന്നു.

ഇതിനുശേഷം ബന്ധുക്കള്‍ക്കുനേരെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച മനോജ് ബൈക്കില്‍ കയറി രക്ഷപ്പെട്ടു. വിജേഷിനെ സമീപത്തുള്ള ആശുപത്രിയിലേക്കും തുടര്‍ന്ന് അവിടെനിന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അച്ഛന്‍: പരേതനായ നാരായണന്‍. ഭാര്യ: അഖില. മക്കള്‍: അവന്തിക, അശ്വാനന്ദ്, ആറുമാസമായ അനന്ദിക.

വിജേഷ് കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. സ്ഥാനാര്‍ഥിയായി ഇരുപതാം വാര്‍ഡില്‍നിന്ന് മത്സരിച്ചിരുന്നു. വണ്ടൂര്‍ പോലീസ് കേസെടുത്തു. മഞ്ചേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ഞായറാഴ്ച ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.