ചെന്നൈ: വിവാഹാഭ്യര്‍ഥന നടത്തി നിരന്തരം ശല്യംചെയ്ത 43-കാരനെ ഗവേഷക വിദ്യാര്‍ഥിനിയും സുഹൃത്തും ചേര്‍ന്ന് കുത്തിക്കൊന്നു. കാട്ടന്‍കുളത്തൂരിലെ ഒരു സര്‍വകലാശാലയിലെ തൊഴിലാളിയായ കെ. സെന്തിലാ(43)ണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കലവാക്കത്തെ ഒരു സ്വകാര്യസ്ഥാപനത്തില്‍ പി.എച്ച്.ഡി. വിദ്യാര്‍ഥിനിയായ ജെ. ദേശപ്രിയ(26) കാട്ടന്‍കുളത്തൂരിലെ സര്‍വകലാശാലയില്‍ ഗവേഷക വിദ്യാര്‍ഥിയായ എസ്. അരുണ്‍ പാണ്ഡ്യന്‍(27) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. 

വ്യാഴാഴ്ചയ പകലായിരുന്നു സംഭവം. കൊല്ലപ്പെട്ട സെന്തിലും ദേശപ്രിയയും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നതായാണ് പോലീസ് പറയുന്നത്. കാട്ടന്‍കുളത്തൂരില്‍ ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് ദേശപ്രിയ സെന്തിലുമായി അടുപ്പത്തിലായത്. ഇയാള്‍ വിവാഹിതനാണെന്ന് അറിഞ്ഞതോടെ ബന്ധം ഉപേക്ഷിച്ചു. എന്നാല്‍ ബന്ധത്തില്‍നിന്ന് പിന്മാറിയിട്ടും സെന്തില്‍ യുവതിയെ ശല്യംചെയ്യുന്നത് തുടര്‍ന്നു. വിവാഹം കഴിക്കണമെന്നും ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് ഏഴുവര്‍ഷമായിട്ടും കുട്ടികളില്ലാത്തതിനാല്‍ വീണ്ടും വിവാഹം കഴിക്കുന്ന കാര്യം ഭാര്യയെ അറിയിക്കാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ ദേശപ്രിയ സെന്തിലിന്റെ ആവശ്യങ്ങളൊന്നും അംഗീകരിച്ചില്ല. ഇതോടെയാണ് യുവാവ് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയത്. 

തന്റെ കൈവശമുള്ള പഴയ ഫോട്ടോകള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നായിരുന്നു സെന്തിലിന്റെ ഭീഷണി. ഇതോടെ ഭയന്നുപോയ പെണ്‍കുട്ടി ഇക്കാര്യം സുഹൃത്തായ അരുണിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരും ചേര്‍ന്ന് സെന്തിലിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചത്. 

വ്യാഴാഴ്ച ഉച്ചയോടെ ദേശപ്രിയ സെന്തിലിനെ ഫോണില്‍വിളിച്ച് തന്നെ നേരിട്ടുകാണാന്‍ വരണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ സെന്തില്‍ പെണ്‍കുട്ടിയെ കാണാനെത്തി. പെണ്‍കുട്ടിയുടെ സുഹൃത്തായ അരുണും സ്ഥലത്തുണ്ടായിരുന്നു. മൂവരും സംസാരിക്കുന്നതിനിടെ പിന്നീട് വഴക്കുണ്ടായെന്നും ദേശപ്രിയയും അരുണും കൈയില്‍ കരുതിയ കത്തി കൊണ്ട് സെന്തിലിനെ കുത്തിയെന്നുമാണ് ദൃക്‌സാക്ഷികളുടെ മൊഴി. ആദ്യം കുത്തേറ്റയുടന്‍ സെന്തില്‍ ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ ഇയാളെ പിന്തുടര്‍ന്ന് വീണ്ടും ആക്രമിക്കുകയായിരുന്നു. മാരകമായി പരിക്കേറ്റ സെന്തില്‍ സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാരാണ് പ്രതികളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. 

Content Highlights: man killed by phd student and her friend in tamilnadu