വൈക്കം: മദ്യലഹരിയിൽനടന്ന കലഹത്തിനിടയിൽ അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്തി. ഉദയനാപുരം വൈക്കപ്രയാർ ഒറ്റയിൽ താഴ്ചയിൽ രവിൻ (34) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം.

രവിൻ വീട്ടുമുറ്റത്ത് വീണുകിടക്കുന്നതായി സഹോദരൻ വിപിൻ അയൽവാസിയായ വീട്ടമ്മയെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. വീട്ടമ്മ നോക്കിയപ്പോൾ വീട്ടുമുറ്റത്ത് രവിൻ അനക്കമറ്റുകിടക്കുന്നത് കണ്ടു.

ഇവർ സമീപത്തെ വീട്ടിലുള്ളവരെ വിവരമറിയിച്ചതോടെ കൂടുതൽപേർ ഓടിയെത്തി. ഈ സമയം വിപിൻ, രവിനെ വീടിനുള്ളിൽ എടുത്തുകിടത്തിയിരുന്നു. വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കെട്ടിട നിർമാണതൊഴിലാളികളായ രവിനും അനുജൻ വിപിനും ഒരുമിച്ചാണ് താമസം. മദ്യപിച്ച് കലഹിക്കുന്നത് പതിവായതിനാൽ ഇരുവരുടെയും ഭാര്യമാർ മക്കളുമായി അവരുടെ വീട്ടിലേക്ക് പോയിരുന്നു. വീട്ടിലെ കലഹംമൂലം ഇവരുടെ അച്ഛൻ മറ്റൊരു വീട്ടിൽ തനിച്ചാണ് താമസം. അമ്മ കടുത്തുരുത്തിയിലെ ഒരുവീട്ടിൽ ജോലിചെയ്താണ് കഴിയുന്നത്.

വഴക്ക് പതിവായതിനാൽ നാട്ടുകാരും ശ്രദ്ധിക്കാറില്ല. വൈക്കം പോലീസ് അന്വേഷണമാരംഭിച്ചു.