ഭോപ്പാൽ: കുളിമുറി വൃത്തിയാക്കാൻ പറഞ്ഞതിന് ജ്യേഷ്ഠ സഹോദരനെ യുവാവ് കുത്തിക്കൊന്നു. മധ്യപ്രദേശിലെ ഛോലാ സ്വദേശി അനിലാണ്(25) സഹോദരൻ നാനാക്രമിനെ(32) കുത്തിക്കൊലപ്പെടുത്തിയത്. കഴിഞ്ഞദിവസം രാത്രിയിലായിരുന്നു സംഭവം.

ചൊവ്വാഴ്ച രാവിലെ ഇവരുടെ വീടിന് സമീപത്തെ കെട്ടിടത്തിന് പിന്നിലായാണ് നാനാക്രമിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പോലീസിൽ വിവരമറിയിച്ചു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് സഹോദരനാണ് കൃത്യം നടത്തിയതെന്ന് കണ്ടെത്തിയത്. അനിലിന്റെ വീടിന്റെ പുറത്തും ഗോവണിയിലും രക്തക്കറ കണ്ടെത്തിയതും തെളിവായി. തുടർന്ന് വിശദമായി ചോദ്യംചെയ്തതോടെ പ്രതി കുറ്റംസമ്മതിക്കുകയായിരുന്നു.

കഴിഞ്ഞദിവസം രാത്രി പ്രതിയും കൊല്ലപ്പെട്ട സഹോദരനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മദ്യപിച്ച് വീട്ടിലെത്തിയ നാനാക്രം സഹോദരനോട് കുളിമുറി വൃത്തിയാക്കാൻ ആവശ്യപ്പെട്ടു. എന്നാൽ അനിൽ ഇതിന് വിസമ്മതിച്ചതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും അനിൽ സഹോദരനെ കുത്തിക്കൊല്ലുകയുമായിരുന്നു. ശേഷം സമീപവാസികളെല്ലാം ഉറങ്ങിയെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹം സമീപത്തെ കെട്ടിടത്തിന് പിൻവശത്ത് ഉപേക്ഷിച്ചു.

ഛോലായിൽ താമസിക്കുന്ന ലക്ഷ്മിയുടെ ആദ്യവിവാഹത്തിലെ മകനാണ് നാനാക്രം. ഇവരുടെ രണ്ടാംവിവാഹത്തിൽ അനിൽ ഉൾപ്പെടെ അഞ്ച് മക്കളുണ്ട്. സംഭവസമയം ഇവരാരും വീട്ടിലുണ്ടായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.