ലഖ്‌നൗ: സ്വത്ത് കൈക്കലാക്കാനായി കുടുംബത്തിലെ അഞ്ച് പേരെയാണ് 20 വര്‍ഷത്തിനിടെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് സ്വദേശി  ലീലു ത്യാഗിയാണ് കൊലപാതക പരമ്പരയ്ക്ക് പിന്നില്‍. തന്റെ അടുത്ത ബന്ധുക്കളെയാണ് ഇയാളും കൂട്ടാളികളും ചേര്‍ന്ന് കൊന്നു തള്ളിയത്. 

ലീലുവിന്റെ ബന്ധുവായ രേഷു എന്ന യുവാവിനെ കാണാതായത് സംബന്ധിച്ച പരാതി അന്വേഷിച്ചതോടെയാണ് കൊലപാതകങ്ങളുടെ ചുരുളഴിഞ്ഞത്. ലീലു ത്യാഗിക്കൊപ്പം ഇയാളുടെ രണ്ട് കൂട്ടാളികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേര്‍ ഒളിവിലാണ്.

20 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ലീലു ആദ്യത്തെ കൊലപാതകം നടത്തിയത്. തന്റെ ജ്യേഷ്ഠ സഹോദരന്‍ സുധീര്‍ ത്യാഗിയെയാണ് ആദ്യം ലീലു ത്യാഗിയും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തിയത്. 

ഇതിന് പിന്നാലെ വിഷം നല്‍കി എട്ട് വയസ്സ് മാത്രം പ്രായമുള്ള സുധീറിന്റെ മകളേയും ലീലു കൊലപ്പെടുത്തി. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സുധീറിന്റെ രണ്ടാമത്തെ മകളെ കൊന്ന് പുഴയിലെറിഞ്ഞു. 

2012ല്‍  ലീലു തന്റെ രണ്ടാമത്തെ സഹോദരനായ ബ്രിജേഷിനേയും കൊലപ്പെടുത്തി. ബ്രിജേഷിന്റെ രണ്ടാമത്തെ മകന്‍ രഷുവിനെ കൊലപ്പെടുത്താന്‍ ഓഗസ്റ്റില്‍ ലീലുവും കൂട്ടാളികളും പദ്ധതിയിട്ടിരുന്നു.

ഓഗസ്റ്റ് എട്ടിന് രേഷുവിനെ ഒരു പാര്‍ട്ടിക്കായി ക്ഷണിച്ച ശേഷം കഴുത്തില്‍ കയറ് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം രേഷുവിന്റെ മൃതശരീരം സമീപത്തെ കനാലിലേക്ക് വലിച്ചെറിഞ്ഞു.താന്‍ കൊലപ്പെടുത്തിയ മുതിര്‍ന്ന സഹോദരന്റെ വിധവയ്ക്ക് ഒപ്പമായിരുന്നു ലീലു ഇത്രയും നാള്‍ താമസിച്ചത്.

ഇതിനിടെ സഹോദരന്റെ സ്വത്തും ലീലു സ്വന്തം പേരിലേക്ക് മാറ്റിയിരുന്നു. ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന നിലയില്‍ കൊലപാതകങ്ങള്‍ ഉണ്ടായിട്ടും ആര്‍ക്കും ലീലുവിനെ സംശയമുണ്ടായിരുന്നില്ല.

Content Highlights: Man killed 5 family members in 20 years for gaining property