ചെന്നൈ: ഭാര്യ ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകിയെന്നാരോപിച്ച് ഭർത്താവ് 300 അടി ഉയരമുള്ള വൈദ്യുത ടവറിൽ നിന്ന്‌ ചാടി ആത്മഹത്യ ചെയ്തു.

തിരുവണ്ണാമല എന്തുവമ്പാടി സ്വദേശിയായ രമേഷാണ് (32) മരിച്ചത്. ദിവസ വേതനക്കാരനായ ഇയാളുടെ ഭാര്യ ഗീത വീട്ടുജോലിക്കാരിയാണ്. രമേഷിന് ഭാര്യയെ സംശയമായിരുന്നെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച ഗീത ജോലി കഴിഞ്ഞ് വീട്ടിലെത്താൻ വൈകിയെന്ന പേരിൽ ഇരുവരും വഴക്കിട്ടിരുന്നു. തുടർന്ന് വീടു വിട്ടുപോയ രമേഷിനെ വെള്ളിയാഴ്ച പുലർച്ചെയോടെ സമീപ ഗ്രാമവാസികളാണ് പണിതീരാത്ത വൈദ്യുത ടവറിന് മുകളിൽ കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് കലമ്പൂർ പോലീസും അഗ്നിശമന സേനയും സ്ഥലത്തെത്തി. ഭാര്യയെയും മക്കളെയും സ്ഥലത്തെത്തിച്ച് പോലീസ് അനുനയശ്രമങ്ങൾ നടത്തിയെങ്കിലും രമേഷ് വഴങ്ങിയിരുന്നില്ല. തുടർന്ന് ആംബുലൻസ് ഉൾപ്പെടെയുള്ള അവശ്യ സേവനങ്ങൾ ഒരുക്കി പോലീസും ഇയാളുടെ മൂന്ന് ബന്ധുക്കളും ടവറിലേക്ക് കയറിയെങ്കിലും പിടികൊടുക്കാതെ രമേഷ് താഴേക്ക് ചാടുകയായിരുന്നു.

ടവറിന്റെ ഇരുമ്പ് കമ്പികളിൽ തട്ടി തല തകർന്ന് താഴെ വീണ ഇയാൾ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഒമ്പതു വർഷം മുന്പ് വിവാഹിതരായ ദമ്പതിമാർക്ക് എട്ടും ആറും വയസ്സുള്ള രണ്ടു പെൺമക്കളുണ്ട്.

video courtesy: The Times Of India

Content Highlights: Man jumps to death from transmission tower