പുനലൂര്‍ : മദ്യലഹരിയില്‍ സ്വയംമറന്ന് യുവാവ് തീവണ്ടിപ്പാളത്തില്‍. ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസ് ഏഴുമിനിറ്റ് പിടിച്ചിട്ടു. പുനലൂരില്‍ കല്ലടപ്പാലത്തിനുസമീപം വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. കരവാളൂര്‍ നരിക്കല്‍ സ്വദേശി ഹരിലാലാ(30)ണ് തീവണ്ടിയാത്ര വൈകിച്ചത്.

ചെന്നൈക്ക് പോകുകയായിരുന്ന തീവണ്ടി പുനലൂര്‍ സ്റ്റേഷന്‍വിട്ടയുടനായിരുന്നു സംഭവം. വേഗംവളരെ കുറവായിരുന്നതിനാല്‍ ദൂരെനിന്നുതന്നെ ലോക്കോ പൈലറ്റ് പാളത്തില്‍ യുവാവിനെ കണ്ടു. ഉടന്‍ വണ്ടി നിര്‍ത്തുകയും ചെയ്തു.

തീവണ്ടിയിലുണ്ടായിരുന്ന റെയില്‍വേ സംരക്ഷണസേനാ (ആര്‍.പി.എഫ്.) ഉദ്യോഗസ്ഥര്‍ യുവാവിനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നാണ് വണ്ടി പുറപ്പെട്ടത്. സ്റ്റേഷനിലെത്തിച്ച യുവാവിനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി കേസെടുത്ത് ജാമ്യത്തില്‍ വിട്ടു.