ബെംഗളൂരു: മൈസൂരു രാജകുടുംബാംഗമാണെന്ന് തെറ്റിദ്ധരിപ്പിച്ച് വൈവാഹിക സൈറ്റുകളില്‍ പരിചയപ്പെട്ട യുവതികളെ കബളിപ്പിച്ച് പണംതട്ടിയ യുവാവ് അറസ്റ്റില്‍. മൈസൂരു ബൈലക്കുപ്പ സ്വദേശി സിദ്ധാര്‍ഥ് അരസ് എന്ന മുത്തു (33) ആണ് വൈറ്റ് ഫീല്‍ഡ് പോലീസിന്റെ പിടിയിലായത്. മൂന്ന് യുവതികളില്‍നിന്നായി 40 ലക്ഷത്തിലധികം രൂപ ഇയാള്‍ തട്ടിയെടുത്തെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വൈറ്റ്ഫീല്‍ഡ് സ്വദേശി നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മുത്തു പിടിയിലായത്. ഇവരില്‍നിന്നുമാത്രം 20 ലക്ഷം രൂപ ഇയാള്‍ തട്ടിയെടുത്തു. ഭാര്യയും അഞ്ചുവയസ്സായ മകളുമുള്ള ഇയാള്‍ നേരത്തേ മൈസൂരുവില്‍ ടൂറിസ്റ്റ് ഗൈഡായി പ്രവര്‍ത്തിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.

രാജകുടുംബത്തിലെ അംഗമാണെന്നും അമേരിക്കന്‍ കമ്പനിയില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറാണെന്നുമാണ് ഇയാള്‍ വൈവാഹിക സൈറ്റുകളില്‍ നല്‍കിയ വിവരം. ഇയാളുമായി ബന്ധപ്പെടുന്ന യുവതികളുമായി പിന്നീട് ഫോണില്‍ അടുത്ത സൗഹൃദം സ്ഥാപിക്കും. വൈറ്റ്ഫീല്‍ഡ് സ്വദേശിയായ യുവതിയില്‍നിന്ന് ആദ്യഘട്ടത്തില്‍ മൂന്നുലക്ഷം രൂപ ഇയാള്‍ കടം ചോദിക്കുകയായിരുന്നു. യുവതി ഇത് നല്‍കുകയുംചെയ്തു. പണം തിരിച്ചുനല്‍കാമെന്ന് പറഞ്ഞ തീയതിയില്‍ അഞ്ചുലക്ഷം രൂപ തിരിച്ചുനല്‍കുകയും ബാക്കി തുക സൂക്ഷിക്കാനും ഇയാള്‍ നിര്‍ദേശിച്ചു. ഒരുമാസത്തിനുശേഷം 20 ലക്ഷം രൂപ വീണ്ടും കടമായി ആവശ്യപ്പെട്ടു. നേരത്തേ കടം കൊടുത്തതിനെക്കാള്‍ കൂടുതല്‍ തുക തിരിച്ചുനല്‍കിയതിനാല്‍ വിശ്വാസം വര്‍ധിച്ച യുവതി 20 ലക്ഷം രൂപ മുത്തു നിര്‍ദേശിച്ച ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുകയായിരുന്നു.

പിന്നീട് ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. യാതൊരു തരത്തിലും ഇയാളെ ബന്ധപ്പെടാന്‍ കഴിയാതായതോടെയാണ് കബളിപ്പിക്കപ്പെട്ടെന്ന് യുവതിക്ക് ബോധ്യമായത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മുത്തുവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. ചോദ്യം ചെയ്യുന്നതിനിടെ രണ്ടുയുവതികളെക്കൂടി സമാനമായ രീതിയില്‍ കബളിപ്പിച്ചതായി ഇയാള്‍ മൊഴിനല്‍കി. 12 ലക്ഷവും 10 ലക്ഷവുമാണ് ഇവരില്‍നിന്ന് തട്ടിയെടുത്തത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.