ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടനയുടെ പകര്‍പ്പ് കത്തിച്ച സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആസാദ് സേനയുടെയും ആരക്ഷണ്‍ വിരോധി പാര്‍ട്ടിയുടെയും നേതാവ് ദീപക് ഗൗറിനെയാണ് പോലീസ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം പാര്‍ലമെന്റ് സ്ട്രീറ്റില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിക്കിടെയാണ് ദീപക് ഗൗറും സംഘവും ഭരണഘടനയുടെ പകര്‍പ്പ് കത്തിച്ചത്. 

എസ്.സി/എസ്.ടി നിയമത്തിലെ ഭേദഗതികള്‍ക്കെതിരെയായിരുന്നു ഇവര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. എസ്.സി/എസ്.ടി നിയമത്തിനെതിരെയും, ഭരണഘടനാ ശില്പി ഡോ. അംബേദ്കര്‍ക്കെതിരെയും മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. ഇതിനിടെയാണ് ഭരണഘടനയുടെ പകര്‍പ്പും കത്തിച്ചത്. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതോടെ അനില്‍ തന്‍വാര്‍ എന്നയാള്‍ വീഡിയോദൃശ്യങ്ങളടക്കം പോലീസില്‍ പരാതി നല്‍കി. 

പോലീസിന്റെ സാന്നിധ്യത്തില്‍ ഭരണഘടന കത്തിച്ച സംഭവം ഞെട്ടിപ്പിക്കുന്നതാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. സംഭവത്തില്‍ പോലീസ് നടപടി വൈകുന്നതില്‍ അദ്ദേഹം പ്രതിഷേധമറിയിക്കുകയും ചെയ്തു. ഇതോടെയാണ് ഡല്‍ഹി പോലീസ് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയത്. 

സംഭവത്തിന് ശേഷം പ്രതികള്‍ ഒളിവില്‍പോയെന്നും, ദീപക് ഗൗറിനെ ഫരീദാബാദില്‍ നിന്നാണ് അറസ്റ്റ് ചെയ്തതെന്നും ഡല്‍ഹി ഡി.സി.പി. മഥൂര്‍ വര്‍മ്മ അറിയിച്ചു. മറ്റു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന എന്നിവിടങ്ങളിലെ പ്രതികളുടെ വീടുകളില്‍ റെയ്ഡ് നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. 

Content Highlights: Man held for burning copy of Constitution in Delhi